അനാഥാലയത്തിൽ കിടന്ന് അച്ഛന്‍ മരിച്ചു; മകന്‍ വീട് പൂട്ടി 'മുങ്ങി', അടഞ്ഞ വാതിലിനു മുന്നില്‍ അന്ത്യകര്‍മ്മം, കണ്ണീരോടെ ഭാര്യ

അനാഥാലയത്തില്‍ മരിച്ചയാളിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ മകനും കുടുംബവും വീടുപൂട്ടി പോയി.

വീട്ടുമുറ്റത്ത് ദര്‍ശനത്തിനു കിടത്തിയ മൃതദേഹം പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു.

തൃശ്ശൂര്‍ അരിമ്പൂര്‍ കൈപ്പിള്ളി സ്വദേശി പ്ലാക്കന്‍ തോമസി(79)ന്റെ മൃതദേഹമാണ് വീടിനു പുറത്ത് കിടത്തേണ്ടിവന്നത്. മകന്റെയും മരുമകളുടെയും മര്‍ദനത്തെത്തുടര്‍ന്ന് വീടുവിട്ടിറങ്ങിയ തോമസും ഭാര്യ റോസിലി(76)യും മാസങ്ങളായി വിവിധ അനാഥമന്ദിരങ്ങളിലാണ് താമസിച്ചിരുന്നത്.

അരിമ്പൂരിലെ തീപ്പെട്ടിക്കമ്ബനിയിലെ തൊഴിലാളിയായിരുന്നു തോമസ്. തോമസിന്റെ വരുമാനം നിലച്ചതോടെ ദമ്പതിമാരോട് മരുമകള്‍ ശത്രുതാ നിലപാട് കൈക്കൊണ്ടു. റോസിലിയെ മരുമകള്‍ സ്ഥിരമായി മര്‍ദിക്കുകയും ചെയ്തു. ബുധനാഴ്ച പുലര്‍ച്ചെ മരിച്ച തോമസിന്റെ മൃതദേഹം ബന്ധുക്കള്‍ ചേര്‍ന്ന് കൈപ്പിള്ളിയിലുള്ള വീട്ടിലെത്തിച്ചപ്പോള്‍ മകന്‍ വീടുപൂട്ടി സ്ഥലംവിട്ടതായി നാട്ടുകാര്‍ പറഞ്ഞു. തോമസിന്റെ ഭാര്യയും മകള്‍ ജോയ്‌സിയും ബന്ധുക്കളുമടക്കം വീട്ടുമുറ്റത്ത് മൃതദേഹവുമായി ആറു മണിക്കൂറോളം ഇരുന്നു. നാട്ടുകാരുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ വൈകീട്ട് എറവ് സെയ്ന്റ് തെരേസാസ് കപ്പല്‍പ്പള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിച്ചു.
Previous Post Next Post