പി കൃഷ്ണപിള്ളയും ടി വി തോമസും പി ടി പുന്നൂസും കെ ആര്‍ ഗൗരിയമ്മയും പി കെ ചന്ദ്രാനന്ദനും ഒക്കെ ഉറങ്ങുന്ന ആലപ്പുഴ വലിയ ചുടുകാട്ടില്‍ പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളില്‍ അവസാനത്തെയാള്‍ക്ക് അന്ത്യവിശ്രമം.
തന്റെ സ്വന്തം പേരിലുള്ള വലിയ ചുടുകാട്ടില്‍ പ്രവേശനഗേറ്റിന്റെ ഇടതുവശത്ത് ഇനി വിഎസിന്റെ വീരസ്മരണകളുടെ ഇരമ്ബം ആര്‍ത്തലക്കും.
എപ്പോഴും കണക്കുകൂട്ടലുകള്‍ക്ക് അപ്പുറമായിരുന്നു വിഎസ്. ജനങ്ങള്‍ക്കിടയിലായിരുന്നു വിഎസ് . ജീവിച്ചപ്പോഴും ഇപ്പോഴിതാ വിട വാങ്ങിയപ്പോഴും. സംഘടനാസംവിധാനങ്ങളുടെ അച്ചടക്കം മറികടന്ന് അണികള്‍ പാര്‍ട്ടി നേതൃത്വത്തെ തിരുത്തിയത് വിഎസിന് വേണ്ടിയായിരുന്നു. ഇപ്പോള്‍ നേതൃത്വവും ഭരണസംവിധാനവും നിശ്ചയിച്ച അന്തിമയാത്രയുടെ സമയക്രമവും അണികള്‍ തിരുത്തി. അതും കാലാവസ്ഥയോട് വരെ കലഹിച്ച്.
വര്‍ഷങ്ങളായി വിഎസ് സജീവരാഷ്ട്രീയത്തില്‍ ഇല്ല. പദവികളില്‍ ഇല്ല. വാര്‍ത്തകളില്‍ ഇല്ല. സാമൂഹികമാധ്യമങ്ങളില്‍ ഇല്ല. എന്നിട്ടും വിഎസ് പോയെന്ന് അറിഞ്ഞപ്പോള്‍ അവസാനമായി കാണാന്‍ ജനമൊഴുകി. എകെജി സെന്ററിലും ദര്‍ബാര്‍ ഹാളിലും വേലിക്കകത്ത് വീട്ടിലും ബീച്ചിലെ റിക്രിയേഷന്‍ ഗ്രൗണ്ടിലും എല്ലാം ആളിരമ്ബി. സ്ത്രീകളും കുട്ടികളും ഉള്‍പെടെ മണിക്കൂറുകളോളം കാത്തുനിന്നു. തെരുവോരങ്ങള്‍ക്ക് മുഷ്ടി ചുരുട്ടിയ കൈകള്‍ മേലാപ്പിട്ടു. കണ്ണേ കരളേ വിഎസേ.....ഇല്ല ഇല്ല മരിക്കില്ല.......ജീവിക്കുന്നു ഞങ്ങളിലൂടെ ....അങ്ങനെ അങ്ങനെ വീരസഖാവിന് അഭിവാദ്യമര്‍പിച്ച് ആകാശം പൊട്ടുമാറ് മുദ്രാവാക്യങ്ങള്‍ മുഴങ്ങി. കേരളത്തിന്റെ ജില്ലാ അതിര്‍ത്തികള്‍ ആലപ്പുഴയില്‍ അലിഞ്ഞ് ചേര്‍ന്നു.