കൊല്ലം: സിപിഎം മുൻ എംഎൽഎ അയിഷാ പോറ്റി കോൺഗ്രസ് വേദിയിലെത്തുന്നു. കോൺഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനത്തിലാണ് അയിഷാ പോറ്റി പങ്കെടുക്കുന്നത്. സിപിഎമ്മുമായി കുറേക്കാലമായി അകന്നു നിൽക്കുന്ന അയിഷാ പോറ്റി കോൺഗ്രസിൽ ചേർന്നേക്കുമെന്ന അഭ്യൂഹം പ്രചരിക്കുന്നതിനിടെയാണ്, കോൺഗ്രസ് സംഘടിപ്പിക്കുന്ന പരിപാടിയിൽ സംബന്ധിക്കുന്നത്.
കലയപുരം ആശ്രയ സങ്കേതത്തിൽ ഇന്നു നടക്കുന്ന യോഗത്തിൽ ഉമ്മൻചാണ്ടി അനുസ്മരണ പ്രഭാഷണമാണ് അയിഷാ പോറ്റി നിർവഹിക്കുക. കൊടിക്കുന്നിൽ സുരേഷ് എംപിയാണ് യോഗം ഉദ്ഘാടനം ചെയ്യുന്നത്. ചാണ്ടി ഉമ്മൻ എംഎൽഎയും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. മുൻ സഹപ്രവർത്തകൻ എന്ന നിലയിലാണ് അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കുന്നതെന്ന് അയിഷാ പോറ്റി വ്യക്തമാക്കി.
'വിവിധ രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കുന്ന പരിപാടിയാണ്. എനിക്കിപ്പോൾ പാർട്ടിയുമായി ബന്ധമില്ല. ഇഷ്ടമുള്ള കാര്യം ചെയ്യാമല്ലോ'യെന്നും അയിഷാ പോറ്റി പറഞ്ഞു. സിപിഎം നേതൃത്വവുമായുള്ള വിയോജിപ്പിനെ തുടർന്ന് കുറച്ചുകാലമായി പാർട്ടി പരിപാടികളിൽ നിന്ന് അയിഷാ പോറ്റി വിട്ടുനിൽക്കുകയാണ്. ജില്ലാ കമ്മിറ്റി അംഗമായിരുന്നിട്ടും സിപിഎം ജില്ലാസമ്മേളനത്തിൽ പങ്കെടുത്തില്ല. ഇതേത്തുടർന്ന് ജില്ലാ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കപ്പെടുകയും ചെയ്തിരുന്നു.
സിപിഎമ്മുമായി ഇടഞ്ഞു നിൽക്കുന്ന അയിഷാ പോറ്റിയെ കോൺഗ്രസിലെത്തിക്കാൻ നീക്കം ശക്തമാണ്. കോൺഗ്രസ് കൊട്ടാരക്കര നഗരസഭാ പ്രവർത്തക ക്യാമ്പിൽ അയിഷാ പോറ്റിയെ പുകഴ്ത്തി രാഷ്ട്രീയ പ്രമേയവും അവതരിപ്പിച്ചിരുന്നു. കൊട്ടാരക്കര നിയമസഭാ മണ്ഡലത്തിൽ കരുത്തനായ ആർ ബാലകൃഷ്ണ പിള്ളയെ തോൽപ്പിച്ചാണ് അയിഷാ പോറ്റി ആദ്യമായി നിയമസഭയിലെത്തുന്നത്. തുടർച്ചയായി മൂന്നുതവണ അയിഷാ പോറ്റി എംഎൽഎയായിരുന്നിട്ടുണ്ട്.