'എടാ ഗോവിന്ദച്ചാമി എന്ന് വിളിച്ചപ്പോൾ മതിൽ ചാടി ഓടി'; ദൃക്‌സാക്ഷിയുടെ പ്രതികരണം

കണ്ണൂർ: ജയിൽ ചാടിയ, സൗമ്യാ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ പിടിക്കാൻ ശ്രമിച്ചപ്പോൾ ഓടിരക്ഷപ്പെടുകയായിരുന്നെന്ന് ദൃക്സാക്ഷികൾ. കണ്ണൂർ തളാപ്പിൽ രാവിലെ 9.20 ന് ട്രാക്ക് പാന്റ്‌സ് ഇട്ടു കൊണ്ടു തളാപ്പ് കാനറ ബാങ്കിന്റെ മുൻപിൽ വെച്ചു നടന്നു പോകുന്നത് കണ്ടുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഓട്ടോറിക്ഷ ഡ്രൈവർമാരും നാട്ടുകാരും ഇയാളെ തിരിച്ചറിഞ്ഞ് പിടികൂടാൻ ശ്രമിച്ചപ്പോൾ ഗോവിന്ദച്ചാമി ഓടി രക്ഷപ്പെടുകയായിരുന്നു.


രാവിലെ ഓഫിസിലേക്ക് ജോലിക്ക് പോകുന്നതിനിടെ ഗോവിന്ദച്ചാമി എന്ന് തോന്നിക്കുന്ന ആളെ കണ്ടതായാണ് പ്രദേശവാസിയായ സിനോജ് പറഞ്ഞത്. 'ഓഫീസിലേക്ക് പോകുന്ന വഴിയിൽ റോഡിന്റെ ഇടതുശത്ത് വളരെ സാവധാനം ഒരാൾ നടന്നുപോകുന്നത് കണ്ടു, പാൻറ്സും കള്ളി ഷർട്ടും ഇട്ടിട്ടുണ്ടായിരുന്നു. വേസ്റ്റ് മാതിരി ഒരു തുണി തലയിൽ വെച്ചിട്ട് അതിന്റെ ഉള്ളിലേക്ക് കൈ രണ്ടും കയറ്റി വെച്ചിട്ടുണ്ടായിരുന്നു. രാവിലെ വാർത്തകൾ കണ്ടിരുന്നു. ഇയാളെ കണ്ട് സംശയം തോന്നിയപ്പോൾ സകൂട്ടർ സ്‌ലോയാക്കി. ഉടനെ സ്‌കൂട്ടർ തിരിച്ചു സഹായത്തിന് ഒരു ഓട്ടോ ഡ്രൈവറേയും കൂട്ടി 15 മീറ്ററോളം പിന്തുടർന്നു. സ്‌കൂട്ടർ നിർത്തി എടാ എടാ എന്ന് വിളിച്ചു പിന്നെ എടാ ഗോവിന്ദച്ചാമി എന്ന് വിളിച്ചപ്പോൾ തൊട്ടപ്പുറത്തുള്ള വലിയ മതിൽ ചാടി ഓടി രക്ഷപ്പെടുകയായിരുന്നു' സിനോജ് പറഞ്ഞു.


സംഭവം ഉടനെ പൊലീസിനെ അറിയിച്ചതായും അഞ്ച് മിനിറ്റുള്ളിൽ പൊലീസ് സ്ഥലത്ത് എത്തി തിരച്ചിൽ ആരംഭിച്ചതായും സിനോജ് പറഞ്ഞു. നിർമ്മാണം നടക്കുന്ന വീട്ടിന്റെ മുൻപിലൂടെ വനത്തിൽ ഇയാൾ ഓടിക്കയറുകയായിരുന്നു.

Previous Post Next Post