കോഴിക്കോട്: ശശി തരൂർ എംപിക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. തരൂർ പിണറായി വിജയനേയും നരേന്ദ്രമോദിയേയും സ്തുതിക്കുകയാണ്. കോൺഗ്രസ് നേതാക്കളെ ഒഴികെ എല്ലാവരെയും അദ്ദേഹം സ്തുതിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ലക്ഷ്യമെന്താണെന്ന് അദ്ദേഹത്തിനേ അറിയൂ. ശശി തരൂരിന് മുന്നിൽ രണ്ടു വഴികളുണ്ട്. ഒന്ന് പാർട്ടിക്ക് വിധേയനായി പ്രവർത്തിക്കുക എന്നതാണെന്ന് കെ മുരളീധരൻ പറഞ്ഞു.
തരൂർ കോൺഗ്രസ് പ്രവർത്തക സമിതി അംഗമാണ്. പാർട്ടി നിയോഗിച്ച പാർലമെന്ററി സമിതി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനാണ്. ആ നിലയ്ക്ക് പാർലമെന്ററി പ്രവർത്തനത്തിലും പാർട്ടി പ്രവർത്തനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടു നീങ്ങുക. അദ്ദേഹത്തിന് അഭിപ്രായ വ്യത്യാസം ഉള്ള വിഷയങ്ങളിൽ പാർട്ടിക്ക് അകത്ത് അഭിപ്രായം പറയാവുന്നതാണ്. പാർലമെന്റ് ചേരുന്ന സമയത്ത് രാവിലെ എംപിമാരുടെ യോഗം ചേരാറുണ്ട്. എല്ലാ അഭിപ്രായങ്ങളും എപ്പോഴും സ്വീകരിച്ചുകൊള്ളണമെന്നില്ല. കെ മുരളീധരൻ വ്യക്തമാക്കി.
അതല്ല, അദ്ദേഹത്തിന് പാർട്ടിക്കകത്ത് ശ്വാസം മുട്ടുന്നു, ഈ പാർട്ടിയ്ക്കകത്ത് പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് തരൂരിന് തോന്നുന്നുണ്ടെങ്കിൽ പിന്നെയുള്ള മാർഗം, പാർട്ടി ഏൽപ്പിച്ച സ്ഥാനങ്ങളെല്ലാം ഉപേക്ഷിച്ച് ഇഷ്ടമുള്ള രാഷ്ട്രീയ ലൈൻ സ്വീകരിക്കുക. ഈ രണ്ടിലൊന്നല്ലാതെ, ഇപ്പോഴത്തെ മാർഗവുമായി അദ്ദേഹം മുന്നോട്ടു നീങ്ങിയാൽ അതു പേഴ്‌സണലായിട്ടുതന്നെ അദ്ദേഹത്തിന്റെ ഐഡന്റിറ്റിയെ ബാധിക്കുന്ന വിഷയമാണ്. അത് പാർട്ടിക്കും ബുദ്ധിമുട്ടാണ്, അദ്ദേഹത്തിനും ബുദ്ധിമുട്ടാണ്. അതുകൊണ്ട് ഈ രണ്ടിലൊരു മാർഗം സ്വീകരിക്കാൻ തയ്യാറാകണമെന്നാണ് ഒരു സഹപ്രവർത്തകൻ എന്ന നിലയിൽ തരൂരിനോട് തനിക്ക് അഭ്യർത്ഥിക്കാനുള്ളതെന്ന് കെ മുരളീധരൻ പറഞ്ഞു.
തരൂരിനു വേണ്ടി രാപ്പകൽ പ്രവർത്തിച്ചവരാണ് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും പ്രവർത്തകർ. തരൂർ തിരുവനന്തപുരത്ത് വിജയിച്ചത് പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടേയും ചുമട്ടുതൊഴിലാളികളുടേയുമൊക്കെ വോട്ടു കൊണ്ടാണ്. അത് അദ്ദേഹം മനസ്സിലാക്കണം. തരൂർ ജയിക്കാൻ കാരണം അദ്ദേഹം കോൺഗ്രസുകാരനായതുകൊണ്ടാണ്. തരൂരിന്റെ മുഖം പോലും കാണാതെ രാഹുൽഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്ന ജനങ്ങളാണ് അദ്ദേഹത്തിന് വോട്ടു ചെയ്തത്. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നിലപാട് തിരുത്തി, ഞങ്ങളോടൊപ്പം ഞങ്ങളെ നയിക്കുന്ന നേതാവായി തിരിച്ചുവരണം. തരൂരിനെ ഇപ്പോൾ നാട്ടിൽത്തന്നെ കാണാനില്ലെന്നും കെ മുരളീധരൻ പറഞ്ഞു.
കേരളത്തിലെ സർവകലാശാലകൾ കലാപഭൂമികളായി മാറിയിരിക്കുകയാണെന്ന് കെ മുരളീധരൻ കുറ്റപ്പെടുത്തി. ഇത് ഉന്നത വിദ്യാഭ്യാസ രംഗത്തെ സാരമായി ബാധിച്ചിട്ടുണ്ട്. സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബങ്ങളെല്ലാം വിദേശത്തേക്ക് പോകുകയാണ്. ഇത്തരത്തിൽ തുടർന്നാൽ വിദ്യാർത്ഥികളില്ലാത്ത, രക്ഷിതാക്കൾ മാത്രമുള്ള വൃദ്ധസദനമായി കേരളം മാറും. അതിനാൽ അടിയന്തര പരിഹാരം ഉണ്ടാക്കാൻ സർക്കാർ മുൻകൈയെടുക്കണം. വിസിക്കെതിരായ സമരമാണെങ്കിൽ കേരള സർവകലാശാലയിൽ മാത്രം സമരം നടത്തിയാൽ പോരേ?. ഇപ്പോൾ എല്ലാ സർവകലാശാലയിലും എസ്എഫ്‌ഐ സമരം നടത്തുകയാണ്. ഇത് സർക്കാരിനെതിരായ ജനവികാരം മറച്ചു വെക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും കെ മുരളീധരൻ ആരോപിച്ചു.
തരൂരിനെതിരെ കെ സി ജോസഫ്
അടിയന്തരാവസ്ഥയ്‌ക്കെതിരെ ലേഖനമെഴുതിയ ശശി തരൂരിനെതിരെ കോൺഗ്രസിൽ പ്രതിഷേധം രൂക്ഷമാവുന്നു. 'പൊന്നു കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മുകളിലേക്ക് ചാഞ്ഞാൽ വെട്ടി കളയുകയേ നിവൃത്തിയുള്ളു' എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ സി ജോസഫ് എക്സിൽ കുറിച്ചു. ഇന്ത്യയുടെ ചരിത്രത്തിലെ ഇരുണ്ട അധ്യായമായാണ് അടിയന്തരാവസ്ഥയെ ലേഖനത്തിൽ തരൂർ വിശേഷിപ്പിച്ചത്. കർക്കശ നടപടികൾക്ക് നിർബന്ധം പിടിച്ചത് ഇന്ദിരാഗാന്ധിയാണെന്ന് അഭിപ്രായപ്പെട്ട തരൂർ, സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തിൽ കൊടുംക്രൂരതകളാണ് അരങ്ങേറിയതെന്നും ലേഖനത്തിൽ വിശദീകരിച്ചിരുന്നു.