'പ്രതികരിച്ചാലേ പരിഹാരമുള്ളൂ എന്നാണോ?, ഇപ്പോള്‍ എങ്ങനെ ഉപകരണങ്ങളെത്തി?': ഡോ. ഹാരിസ് ചിറയ്ക്കല്‍

തിരുവനന്തപുരം: താൻ നടത്തിയത് പ്രൊഫഷണൽ സൂയിസൈഡ് ആയിരുന്നുവെന്ന് ഡോ. ഹാരിസ് ചിറയ്ക്കൽ. എല്ലാ വഴിയും അടഞ്ഞപ്പോഴാണ് തുറന്ന് പറഞ്ഞത്. തുറന്നു പറച്ചിലിന് ശിക്ഷാനടപടി പ്രതീക്ഷിച്ചിരുന്നു. എല്ലാ വാതിലും കൊട്ടിയടച്ചപ്പോഴാണ് തുറന്നു പറയാൻ നിർബന്ധിതനായത്. സർക്കാരിനെയോ ആരോഗ്യമന്ത്രിയേയോ കുറ്റപ്പെടുത്തിയിട്ടില്ല. ബ്യൂറോക്രസിയെയാണ് കുറ്റപ്പെടുത്തിയതെന്നും ഡോ. ഹാരിസ് പറഞ്ഞു.


ബ്യൂറോക്രസിയുടെ ചുവപ്പുനാടയ്ക്കും മെല്ലെപ്പോക്കിനുമെതിരെ, സംവിധാനം നന്നാകാനാണ് പ്രതികരിച്ചത്. ഇപ്പോഴും ബ്യൂറോക്രസിയെയാണ് കുറ്റപ്പെടുത്തുന്നത്. ബ്യൂറോക്രസിക്ക് ഇപ്പോഴും പ്രശ്‌നങ്ങളുണ്ട്. മെഡിക്കൽ കോളജിലെ ഉപകരണങ്ങളുടെ പ്രതിസന്ധി പരിഹരിച്ചു. രോഗികളുടെ സർജറി കഴിഞ്ഞു. അവരെ ഇന്നോ നാളെയോ ഡിസ്ചാർജ് ചെയ്യാൻ സാധിക്കും. പക്ഷെ ഉപകരണങ്ങളുടെ ക്ഷാമം പലതും നിലവിലുണ്ട്. വിദഗ്ധ സമിതിയെ തെളിവുകൾ സഹിതം സൂചിപ്പിച്ചതാണ്. അന്ന് അവർ ചില പ്രതിവിധികൾ നിർദേശിച്ചിരുന്നു. അത് നടപ്പിലാകണമെന്നതാണ് തന്റെ ആഗ്രഹമെന്ന് ഡോ. ഹാരിസ് പറഞ്ഞു.


ഇത്തരം പ്രശ്‌നങ്ങൾ ശാശ്വതമായി പരിഹരിക്കാനുള്ള സംവിധാനങ്ങൾ ഉണ്ടാകണം. ഇത്തവണ തന്റെ കരിയറും ജോലിയുമെല്ലാം ത്യജിക്കുന്ന തരത്തിൽ, വലിയ റിസ്‌കെടുത്താണ് മുന്നോട്ടു വന്നത്. ഇങ്ങനെ ആരും മുന്നോട്ടു വരുമെന്ന് തോന്നുന്നില്ല. തനിക്കും ഇങ്ങനെ ഇനി വരാനാകുമോയെന്ന് അറിയില്ല. താനില്ലാതായാലും പ്രശ്‌നങ്ങൾ ഇല്ലാതാകില്ലല്ലോ. അത് പരിഹരിക്കാനുള്ള നടപടി ഉണ്ടാകണം. മുമ്പോട്ടു പോകാൻ പല മാർഗങ്ങളും ശ്രമിച്ച് പരാജയപ്പെടുമ്പോഴാണല്ലോ പലരും ആത്മഹത്യ ചെയ്യുന്നത്. അതുപ്രകാരം തന്റേത് പ്രൊഫഷണൽ സൂയിസൈഡ് ആണെന്ന് പറയാമെന്ന് ഡോ. ഹാരിസ് പറഞ്ഞു.


തനിക്കുമേൽ ഒരു സമ്മർദ്ദവുമില്ല. താൻ പറഞ്ഞതിനെ ആരെങ്കിലും എതിർക്കുമെന്ന് വിചാരിച്ചിരുന്നു. എന്നാൽ ഒരാൾ പോലും താൻ ഉന്നയിച്ച വിഷയത്തിൽ എതിർത്തിട്ടില്ല. തനിക്കെതിരെ കുറ്റപ്പെടുത്തലും നടപടിയുമുണ്ടായാലും നിലപാട് തുടരും. ആരോഗ്യവകുപ്പിനെ മോശക്കാരനാക്കി കാണിക്കാൻ ഉദ്ദേശിച്ചിട്ടില്ല. ആശുപത്രികളിലേക്ക് പ്രതിഷേധം സംഘടിപ്പിക്കുകയോ ചികിത്സ തടസ്സപ്പെടുത്തുകയോ ചെയ്യരുത്. തന്റെ വെളിപ്പെടുത്തലിനെതിരായ മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തലിൽ വിഷമമില്ല. അദ്ദേഹം ഗുരുനാഥന് തുല്യനാണെന്നും ഹാരിസ് ചിറയ്ക്കൽ പറഞ്ഞു. ഇത്രനാളും ചുവപ്പുനാടയിൽ കുടുങ്ങിക്കിടന്ന ഫയൽ ഒറ്റരാത്രി കൊണ്ട് ശരിയായി. ഹൈദരാബാദിൽ നിന്നും എങ്ങനെ ഇത്ര പെട്ടെന്ന് ഉപകരണങ്ങൾ എത്തി?. പ്രതികരിച്ചാലേ പരിഹാരം ഉണ്ടാകൂ എന്നാണോ?. പ്രശ്‌നങ്ങൾ പരിഹരിച്ചാൽ ആരോഗ്യമേഖലയുടെ വളർച്ച നല്ല നിലയിൽ ഉണ്ടാകുമെന്നും ഡോ. ഹാരിസ് പറഞ്ഞു.

Previous Post Next Post