'ട്രാക്ടര്‍ യാത്ര മനപ്പൂര്‍വം'; എഡിജിപി എം ആര്‍ അജിത് കുമാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: ട്രാക്ടറിൽ ശബരിമല ദർശനം നടത്തിയ എഡിജിപി എം ആർ അജിത് കുമാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. എഡിജിപിയുടെ യാത്ര മനപ്പൂർവമാണെന്ന് വ്യക്തമാണ്. ഹൈക്കോടതി ഉത്തരവിന് വിരുദ്ധമാണ് എം ആർ അജിത് കുമാറിന്റെ പ്രവൃത്തി. ഇത് ദൗർഭാഗ്യകരമായിപ്പോയി. എഡിജിപി അജിത് കുമാറിന് ആരോഗ്യപ്രശ്‌നമുണ്ടോയെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് ചോദിച്ചു.


ആരോഗ്യപ്രശ്‌നമുണ്ടെങ്കിൽ ആംബുലൻസിൽ പോയിക്കൂടേ എന്നും ഹൈക്കോടതി ചോദിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട് ദീർഘകാലം ജോലി നോക്കിയിട്ടുള്ള ഉദ്യോഗസ്ഥനാണ് അജിത് കുമാർ. അതുകൊണ്ടു തന്നെ നിയമങ്ങളെല്ലാം അദ്ദേഹത്തിന് വ്യക്തമായി അറിയാവുന്നതാണ്. സ്വാമി അയ്യപ്പൻ റോഡിൽ ചരക്കു കൊണ്ടു പോകാൻ മാത്രമേ ട്രാക്ടർ ഉപയോഗിക്കാൻ പാടുള്ളൂ എന്ന് നേരത്തെ തന്നെ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതാണ്.


ട്രാക്ടറിൽ ഡ്രൈവർ ഒഴിച്ച് ഒരാളും കയറാൻ പാടില്ലെന്നും കർശന നിർദേശം ഉള്ളതാണ്. ആ വിലക്ക് ലംഘിച്ചുകൊണ്ട് എഡിജിപി ട്രാക്ടറിൽ പോയത് മനപ്പൂർവമാണെന്ന് കോടതി നിരീക്ഷിച്ചു. സംഭവത്തിൽ പത്തനംതിട്ട എസ് പിയോട് കോടതി റിപ്പോർട്ട് തേടി. ദേവസ്വം ബോർഡും വിശദീകരണം നൽകണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സ്വാമി അയ്യപ്പൻ റോഡിൽ ഒരു തരത്തിലും നിയമവിരുദ്ധ യാത്ര അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ദേവസ്വം സ്‌പെഷൽ കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി കേസെടുത്തത്.


പമ്പ-സന്നിധാനം റോഡിൽ ചരക്കുനീക്കത്തിന് മാത്രമേ ട്രാക്ടർ ഉപയോഗിക്കാവൂ എന്ന ഹൈക്കോടതി ഉത്തരവ് എഡിജിപി അജിത്കുമാർ ലംഘിച്ചുവെന്നാണ് ദേവസ്വം സ്പെഷൽ കമ്മീഷണർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. ഞായറാഴ്ച സന്നിധാനത്തു നടന്ന നവഗ്രഹക്ഷേത്ര പ്രതിഷ്ഠ തൊഴാനാണ് എഡിജിപി ശനിയാഴ്ച വൈകീട്ട് എത്തിയത്. പമ്പയിൽനിന്ന് ശബരിമല സന്നിധാനത്തേക്കും തിരിച്ചുമായിരുന്നു അജിത്കുമാർ ട്രാക്ടറിൽ യാത്ര നടത്തിയത്.


വൈകീട്ട് ആറുമണിയോടെയാണ് എഡിജിപി എം ആർ അജിത് കുമാർ പമ്പയിലെത്തിയത്. പമ്പ ഗണപതിക്ഷേത്രത്തിൽ തൊഴുതശേഷം അദ്ദേഹം സ്വാമി അയ്യപ്പൻ റോഡ് വഴി കുറച്ചുദൂരം നടന്നു. ഈ റോഡിനെ മുറിച്ചുകടക്കുന്ന ചെറിയ അരുവി കഴിഞ്ഞ് ഒന്നാംവളവിന് അടുത്തുവെച്ചാണ് പൊലീസിന്റെ ഉടമസ്ഥതയിലുള്ള ട്രാക്ടറിൽ കയറിയത്. സന്നിധാനത്ത് യു ടേണിനു മുമ്പ് ചെരിപ്പുകൾ സൂക്ഷിക്കുന്ന സ്ഥലത്ത് ട്രാക്ടർ നിർത്തി. അവിടെ എഡിജിപി ഇറങ്ങി നടന്നു പോകുകയായിരുന്നു. തിരിച്ചും അതേപടി ട്രാക്ടറിൽ പമ്പയിലെത്തി. സിസിടിവി കാമറകൾ ഒന്നും ഇല്ലാത്ത സ്ഥലത്തുകൂടിയായിരുന്നു എഡിജിപിയുടെ ട്രാക്ടർ യാത്രയെന്നാണ് റിപ്പോർട്ട്.

Previous Post Next Post