രാവിലെ 15 മിനിറ്റ് ഒഴിവാക്കണം, പകരം വൈകീട്ട് അരമണിക്കൂർ അധികം ; സ്‌കൂൾ സമയമാറ്റത്തിൽ ബദൽ നിർദേശവുമായി സമസ്ത

കോഴിക്കോട്: സ്‌കൂൾ സമയമാറ്റത്തിൽ സർക്കാരിന് മുന്നിൽ ബദൽ നിർദേശവുമായി സമസ്ത. രാവിലെ 15 മിനിറ്റ് അധിക ക്ലാസ് സമയം മാറ്റി, പകരം വൈകീട്ട് അരമണിക്കൂറാക്കി നീട്ടണം. കൂടാതെ ഓണം, ക്രിസ്മസ് അവധികളിൽ നിന്നും അധിക ദിനം കണ്ടെത്താം. മറ്റു സംസ്ഥാനങ്ങൾ സ്‌കൂൾ പ്രവൃത്തിദിനം കൂട്ടിയ രീതി ഉപയോഗിക്കാവുന്നതാണെന്നും സമസ്ത സർക്കാരിന് മുന്നിൽ ബദൽ നിർദേശം മുന്നോട്ടുവെക്കും.


നിലവിൽ 9. 45 ന് ക്ലാസ് ആരംഭിക്കാനാണ് സർക്കാർ നിർദേശിച്ചിട്ടുള്ളത്. ഇത് 10 മണിക്ക് തന്നെ ക്ലാസ് തുടങ്ങുക. പകരം രാവിലത്തെ 15 മിനിറ്റ് കൂടി ചേർത്ത് വൈകീട്ട് അരമണിക്കൂർ അധിക ക്ലാസ് എടുക്കുക. ഇതുപ്രകാരം 4.15 ന് വിടുന്ന ക്ലാസ് 4.30 ന് വിടുന്നത് പരിഗണിക്കണമെന്നാണ് സമസ്ത നിർദേശിക്കുന്നത്. ഓണം, ക്രിസ്മസ് അവധിക്കാലത്ത് പ്രവൃത്തിദിനങ്ങളാകാമെന്നും നിർദേശിക്കുന്നു.


പ്രവൃത്തിദിനം കൂട്ടാൻ മറ്റു സംസ്ഥാനങ്ങളുടെ രീതി മാതൃകയായി സ്വീകരിക്കാവുന്നതാണ്. മറ്റു സംസ്ഥാനങ്ങൾ പിന്തുടരുന്ന അധ്യയന കലണ്ടറല്ല കേരളത്തിൽ പാലിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ 240 പ്രവൃത്തിദിനങ്ങൾ വരെയുണ്ട്. എന്നാൽ കേരളത്തിൽ അതല്ല സ്ഥിതി. പ്രവൃത്തിദിനം കൂട്ടാനായി ശനിയാഴ്ചയും അവധിക്കാലത്തും ക്ലാസ് നടത്താവുന്നതാണെന്നും സമസ്ത സർക്കാരുമായുള്ള ചർച്ചയിൽ നിർദേശം മുന്നോട്ടുവെക്കുമെന്നാണ് റിപ്പോർട്ടുകൾ.


സ്‌കൂൾ സമയത്തിന്റെ കാര്യത്തിൽ സർക്കാർ തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇന്നലെ പറഞ്ഞത്. വിദ്യാഭ്യാസവും മതവുമായി കൂട്ടി കുഴയ്ക്കേണ്ടതില്ല. വിദ്യാഭ്യാസ നിയമത്തിന് അനുസരിച്ചാണ് സർക്കാർ സ്‌കൂളിലെ പഠന സമയം പുന:ക്രമീകരിച്ചിരിക്കുന്നത്. സമസ്തയ്ക്ക് ഈ കാര്യത്തിൽ അവരുടെ അഭിപ്രായം പറയാം. സർക്കാർ ചർച്ചയ്ക്കു തയ്യാറാണെന്നും ശിവൻകുട്ടി പറഞ്ഞു. സർക്കാർ ചർച്ചയ്ക്ക് വിളിച്ചാൽ പോകുമെന്നും സമസ്ത മുഷാവറ അംഗം ഉമർ ഫൈസി മുക്കം വ്യക്തമാക്കിയിരുന്നു.


ചർച്ച ചെയ്താൽ അതിന്റെതായ ഫലം ഉണ്ടാകും. മനുഷ്യന്മാർ മുഖത്തോട് മുഖം നോക്കി സംസാരിക്കുന്നത് ഗുണം ചെയ്യുമല്ലോ. എല്ലാ ഗവണ്മെന്റുകളും അങ്ങനെയല്ലേ ചെയ്യുക?. മുസ്ലീം സമുദായത്തെ അവഗണിച്ച് ഒരു സർക്കാരിനും മുന്നോട്ടുപോകാനാകില്ല. അവഗണിച്ചാൽ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരും. പൊതുവിദ്യാഭ്യാസത്തിന്റെ കാര്യം സമുദായ സംഘടനകൾ നോക്കണ്ടെന്ന് മന്ത്രി പറഞ്ഞാൽ ജനങ്ങളെ വിരട്ടാൻ മന്ത്രി നോക്കേണ്ടെന്ന് ഞങ്ങൾക്കും പറയാം - ഉമർ ഫൈസി പറഞ്ഞു.


Previous Post Next Post