കീം പരീക്ഷാഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് മൂവാറ്റുപുഴ സ്വദേശി ജോൺ ഷിനോജിന്

തിരുവനന്തപുരം: സംസ്ഥാന എൻജിനീയറിങ് / ഫാർമസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. എൻജിനിയറിങ് പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് എറണാകുളം മൂവാറ്റുപുഴ സ്വദേശി ജോൺ ഷിനോജിനാണ്. എറണാകുളം ചെറായിയിൽ ഹരികൃഷ്ണനാണ് രണ്ടാം റാങ്ക്.


പ്രവേശന പരീക്ഷ റാങ്ക് പട്ടികയുമായി ബന്ധപ്പെട്ട് പുതിയ മാർക്ക് ഏകീകരണ രീതിക്ക് ഇന്നലെ മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് എൻജിനീയറിങ് / ഫാർമസി പ്രവേശനത്തിനുള്ള കീം പരീക്ഷാ ഫലം ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പ്രഖ്യാപിച്ചത്.


കീം ഫലം എങ്ങനെ പരിശോധിക്കാം


ഫലം പ്രഖ്യാപിച്ചാൽ ലോഗിൻ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ഓൺലൈനായി ഫലം പരിശോധിക്കാം.


cee.kerala.gov.in ആയ ഒഫിഷ്യൽ വെബ്സൈറ്റിൽ കയറുക.


കീം കാൻഡിഡേറ്റ് പോർട്ടലിൽ കയറിയതിന് ശേഷം ആപ്ലിക്കേഷൻ നമ്പറും പാസ്വേഡും ഉപയോഗിച്ച് ആക്സസ് (ലോഗിൻ) ചെയ്യുക.


കീം 2025 റിസൾട്ട് എന്ന പേരിൽ പുതിയ പോർട്ടൽ വരുന്നതായിരിക്കും. അതിൽ റിസൾട്ട് അറിയാൻ സാധിക്കും.


ശേഷം അത് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്.


നീറ്റ് പരീക്ഷാഫലം വന്നിട്ടും കീം ഫലം വൈകുന്നതിൽ വിദ്യാർഥികൾ ആശങ്കയിലായിരുന്നു. അതിനിടെ പ്ലസ്ടുവിനും എൻട്രൻസ് പരീക്ഷയ്ക്കും ഉയർന്ന മാർക്ക് നേടുന്ന സംസ്ഥാന സിലബസിലെ കുട്ടികൾക്കുപോലും പ്രവേശന പരീക്ഷയിൽ മുന്നിലെത്താനാകുന്നില്ലെന്ന പരാതിയും ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഫോർമുല പരിഷ്‌കരിച്ചത്. സ്റ്റാറ്റിസ്റ്റിക്‌സ് വിദഗ്ധരും ഐഐടി പ്രഫസർമാരും അടങ്ങിയ നാലംഗസമിതി സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചു പ്രവേശന പരീക്ഷാ കമ്മിഷണർ കൈമാറിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ തീരുമാനമെടുത്തത്.


പുതിയ ഏകീകരണ രീതി


പ്ലസ്ടു പരീക്ഷയിൽ ഫിസിക്‌സ്, കെമിസ്ട്രി, മാത്സ് (കെമിസ്ട്രി പഠിക്കാത്തവർക്ക്, പകരം പഠിച്ച കംപ്യൂട്ടർ സയൻസ്/ബയോടെക്‌നോളജി/ ബയോളജി) വിഷയങ്ങൾക്ക് ഓരോ പരീക്ഷാ ബോർഡിലും ലഭിച്ച ഉയർന്ന മാർക്ക് എടുക്കും. സംസ്ഥാന ബോർഡിൽ ഈ വിഷയങ്ങളിലെ ഉയർന്ന മാർക്ക് 100 ഉം സിബിഎസ്ഇ പോലുള്ള ഇതര ബോർഡുകളിലൊന്നിൽ ഏറ്റവും ഉയർന്ന മാർക്ക് 95ഉം ആണെങ്കിൽ ഇവ രണ്ടും 100 മാർക്കായി പരിഗണിക്കും. 95 ഉയർന്ന മാർക്ക് നൽകിയ ബോർഡിനു കീഴിൽ പരീക്ഷയെഴുതിയ കുട്ടിക്ക് ബന്ധപ്പെട്ട വിഷയത്തിൽ ലഭിച്ചത് 70 മാർക്കാണെങ്കിൽ ഇത് നൂറിലേക്കു മാറ്റും. ഇതുവഴി 70 മാർക്ക് 73.68 ആയി മാറും. എൻജിനീയറിങ് റാങ്ക് പട്ടികയ്ക്കായി പരിഗണിക്കുന്ന 3 വിഷയങ്ങളുടെയും മാർക്ക് ഈ രീതിയിൽ ഏകീകരിച്ച് മൊത്തം മാർക്ക് 300ൽ കണക്കാക്കും.


ഏകീകരണത്തിലൂടെ ഓരോ വിഷയങ്ങൾക്കും ലഭിച്ച മാർക്ക് 5:3:2 അനുപാതത്തിലായിരിക്കും റാങ്ക് പട്ടികയ്ക്കായി പരിഗണിക്കുക. 3 വിഷയങ്ങൾക്കുമായി ആകെയുള്ള 300 മാർക്കിൽ മാത്സിന് 150 മാർക്കിന്റെയും ഫിസിക്‌സിന് 90 മാർക്കിന്റെയും കെമിസ്ട്രിക്ക് 60 മാർക്കിന്റെയും വെയ്‌റ്റേജിലായിരിക്കും പരിഗണിക്കുക.


വ്യത്യസ്ത വർഷങ്ങളിൽ പ്ലസ്ടു പരീക്ഷ പാസ്സായവരുടെ മാർക്ക് വ്യത്യസ്ത രീതിയിൽ തന്നെ കണക്കിലെടുക്കും. എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ വിദ്യാർഥി നേടുന്ന നോർമലൈസ് ചെയ്ത സ്‌കോർ മുന്നൂറിലായിരിക്കും കണക്കിലെടുക്കുക. പ്ലസ്ടു പരീക്ഷയിലെ സമീകരിച്ച മുന്നൂറിലുള്ള മാർക്കും പ്രവേശന പരീക്ഷയിലെ നോർമലൈസ് ചെയ്ത മുന്നൂറിലുള്ള സ്‌കോറും ചേർത്ത് 600 ഇൻഡെക്‌സ് മാർക്കിൽ ആയിരിക്കും എൻജിനീയറിങ് റാങ്ക് പട്ടികയ്ക്കുള്ള സ്‌കോർ നിശ്ചയിക്കുക.


എ,ബി,സി പോലെ ഗ്രേഡ് ആയി ഫലം പ്രസിദ്ധീകരിക്കുന്ന പരീക്ഷാ ബോർഡുകളുണ്ടെങ്കിൽ കുട്ടികൾ അവിടെനിന്ന് മാർക്ക് ലിസ്റ്റ് വാങ്ങി സമർപ്പിക്കണം. ഇല്ലെങ്കിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രവേശന പരീക്ഷാ കമ്മിഷണർ തീരുമാനമെടുക്കും.

Previous Post Next Post