തൃശൂർ: ജപ്തി ഭീഷണിയിലുള്ള ചോർന്നൊലിക്കുന്ന വീട്ടിൽ തെന്നിവീണ് നാട്ടിക എംഎൽഎ സിസി മുകുന്ദന് പരിക്ക്. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ സംസ്‌കാരച്ചടങ്ങുകളിൽ പങ്കെടുത്ത് തിരിച്ചെത്തിയ ബുധനാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. വീടിന് അകക്ക് കയറിയ എംഎൽഎ മഴയിൽ ചോർന്നൊലിച്ച് തളം കെട്ടി നിന്ന വെള്ളത്തിൽ ചവിട്ടി തെന്നിവീഴുകയായിരുന്നു. വീഴ്ചയിൽ കാലിന് പരിക്കേറ്റ എംഎൽഎ ചികിത്സയ്ക്ക് ശേഷം വീട്ടിൽ വിശ്രമത്തിലാണ്.
സി സി മുകുന്ദൻ എംഎൽഎയുടെ വീട് ജപ്തി ഭീഷണിയിലാണെന്ന വാർത്ത നേരത്തെ തന്നെ പുറത്തുവന്നിരുന്നു. സിപിഐ ജില്ല സമ്മേളനത്തിന്റെ ഭാഗമായി ഉണ്ടായ ഇറങ്ങിപ്പോകൽ വിവാദത്തിനു പിന്നാലെ എംഎൽഎ തന്നെയാണ് തന്റെ സാമ്പത്തിക ബാധ്യത സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയത്.
പതിനെട്ടുലക്ഷത്തിലേറേ വരുന്ന വായ്പാ ബാധ്യതയാണ് സിസി മുകന്ദനുള്ളത്. ബാധ്യത തീർക്കാൻ വീടുവിൽക്കുന്നത് ഉൾപ്പെടെ ആലോചനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. മകളുടെ വിവാഹത്തിനായി കാരമുക്ക് സഹകരണബാങ്കിൽ നിന്ന് പത്തുവർഷം മുൻപ് ആറുലക്ഷം രൂപ വായ്പയെടുത്തു. തിരഞ്ഞടുപ്പിനുമുൻപ് ഒരുതവണ വായ്പ പുതുക്കി. ഇപ്പോൾ കുടിശ്ശിക 18.75 ലക്ഷമായി. ജപ്തിക്കാര്യമറിയിച്ച് ബാങ്കുകാർ പലതവണ കത്തയച്ചിരുന്നു. എംഎൽഎ ആയതുകൊണ്ടാണ് ഇറക്കിവിടാത്തതെന്നും മുകുന്ദൻ പറഞ്ഞിരുന്നു.