കണ്ണൂർ: ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിൽ പ്രതിക്ക് ജയിലിനകത്തു നിന്നോ മറ്റാരുടെയെങ്കിലുമോ സഹായം ലഭിച്ചിരുന്നോയെന്ന് അന്വേഷിക്കുമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ പി നിധിൻരാജ്. ജയിലിലെ ഫെൻസിങ്ങിന് ഇലക്ട്രിസിറ്റി ഉണ്ടായിരുന്നില്ലെന്നതടക്കമുള്ള കാര്യങ്ങൾ പുറത്തുവരുന്നുണ്ട്. ഇക്കാര്യങ്ങൾ അന്വേഷണത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതി ജയിൽ ചാടിയത് അറിഞ്ഞത് ആറരയ്ക്ക് ശേഷമാണ്. വിവരം ഉടൻ പൊലീസ് സേനയിലാകെ കൈമാറിയെന്നും ഇയാളെ കണ്ടെത്താൻ നാട്ടുകാരുടെ ഇടപെടൽ സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു. കൃത്യമായ ദിശയിലായിരുന്നു തെരച്ചിൽ. ജയിൽ ചാടിയതിൽ ഗോവിന്ദച്ചാമിക്കെതിരെ കേസെടുക്കുമെന്നും ഇയാളെ കോടതിയിൽ ഹാജരാക്കുമെന്നും കമ്മീഷണർ അറിയിച്ചു.
ഇന്ന് പുലർച്ചെ 4.15 ന് ശേഷമാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. ഇയാളെ കണ്ടെത്താൻ നാട്ടുകാരുടെ ഭാഗത്തും ജാഗ്രതയുണ്ടായി. കൃത്യമായ തെരച്ചിൽ വിജയം കണ്ടു. മൂന്നര മണിക്കൂർ കൊണ്ട് പ്രതിയെ പിടികൂടി. പ്രതിയെ പിടികൂടുമ്പോൾ കൈയ്യിൽ നിന്ന് ചില ആയുധങ്ങൾ പിടികൂടിയിട്ടുണ്ട്. ഇതെല്ലാം എങ്ങനെയാണ് ഉപയോഗപ്പെടുത്തിയതെന്ന് വിശദമായി അന്വേഷിക്കും.
സംഭവത്തിൽ പൊതുജനത്തിന്റെ ഭാഗത്ത് നിന്ന് നിരവധി വിവരങ്ങൾ ലഭിച്ചു. തളാപ്പിലെ ഒഴിഞ്ഞ കെട്ടിടത്തിന്റെ കിണറ്റിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. നാട്ടുകാർ നൽകിയ വിവരമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. വിഷയത്തിൽ സജീവമായി ജനം ഇടപെട്ടു. വിശ്വസനീയമായ വിവരം നൽകിയ മൂന്ന് പേരുണ്ട്. സാമൂഹ്യജാഗ്രത ഉയർത്തിയ മാധ്യമങ്ങൾക്കും ജനങ്ങൾക്കും നന്ദിയെന്നും കമ്മീഷണർ പ്രതികരിച്ചു. ഗോവിന്ദച്ചാമിയെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കുമെന്നും അദ്ദേഹം അറിയിച്ചു.