ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ വിഷയങ്ങളിൽ പാർലമെന്റിൽ ഇന്ന് നടക്കുന്ന ചർച്ചകളിൽ കോൺഗ്രസ് നേതാവ് ശശി തരൂർ പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്. ചർച്ചയിൽ പങ്കെടുക്കാൻ താത്പര്യമില്ലെന്ന് തരൂർ ലോക്‌സഭയിലെ കോൺഗ്രസ് ഉപനേതാവ് ഗൗരവ് ഗോഗോയിയെ അറിയിച്ചു. ഈ വിഷയത്തിൽ ചർച്ചയിൽ പങ്കെടുക്കാനില്ലെന്നും, മറ്റേതെങ്കിലും ബില്ലിന്മേൽ ചർച്ചയിൽ പങ്കെടുക്കാമെന്നും ശശി തരൂർ അറിയിച്ചതായാണ് വിവരം.
ഇതിന്റെ അടിസ്ഥാനത്തിൽ ഓപ്പറേഷൻ സിന്ദൂർ ചർച്ചയിൽ സംസാരിക്കുന്ന കോൺഗ്രസ് എംപിമാരിൽ തരൂരിനെ ഉൾപ്പെടുത്തിയിട്ടില്ല. ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയാകും പ്രതിപക്ഷ നിരയിൽ ചർച്ചയ്ക്ക് തുടക്കമിടുക. ലോക്സഭയിൽ ഇന്നും രാജ്യസഭയിൽ നാളെയുമാണ് ചർച്ച നിശ്ചയിച്ചിരിക്കുന്നത്. ഇരുസഭയിലും 16 മണിക്കൂർ വീതമാണ് ചർച്ചയ്ക്കായി നീക്കിവെച്ചിട്ടുള്ളത്.
അതേസമയം, ഓപ്പറേഷൻ സിന്ദൂർ വിദേശരാജ്യങ്ങളിൽ വിശദീകരിക്കാനുള്ള ഒരു പ്രതിനിധി സംഘത്തെ നയിച്ച നേതാവ് എന്ന നിലയിൽ തരൂരിനെ കേന്ദ്രസർക്കാർ സംസാരിക്കാൻ ക്ഷണിച്ചേക്കുമെന്ന അഭ്യൂഹവും നിലനിൽക്കുന്നുണ്ട്. ലോക്‌സഭയിൽ സംസാരിക്കാനായി സ്പീക്കർ തരൂരിനെ ക്ഷണിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് കോൺഗ്രസ് നിലപാട് തള്ളി, കേന്ദ്രസർക്കാരിനെ പിന്തുണച്ച് ശശി തരൂർ പ്രസ്താവന നടത്തിയത് വിവാദമായിരുന്നു.