അത്ര സോഷ്യൽ ആവണ്ട; സാമൂഹികമാധ്യമങ്ങളിൽ പോലീസ് ഉദ്യോഗസ്ഥർ കൂടുതൽ സജീവമാകേണ്ടതില്ലെന്ന നിർദേശവുമായി സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ ആദ്യ സർക്കുലർ.

 

സാമൂഹികമാധ്യമങ്ങളിൽ പോലീസ് ഉദ്യോഗസ്ഥർ കൂടുതൽ സജീവമാകേണ്ടതില്ലെന്ന നിർദേശവുമായി സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ ആദ്യ സർക്കുലർ. ഡിജിപിയായി ചുമതലയേറ്റശേഷം ജില്ലാ പോലീസ് മേധാവികൾക്ക് നൽകിയ ആദ്യ നിർദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും വിവാദമുണ്ടാക്കുന്ന പോസ്റ്റുകളും കമന്റുകളും വേണ്ടെന്നും കർശന നിർദേശം നൽകിയിട്ടുണ്ട്.


കൂത്തുപറമ്പ് വെടിവെപ്പ് കാലത്ത് തലശ്ശേരി എഎസ്പിയായിരുന്ന റവാഡ ചന്ദ്രശേഖറിനെ പോലീസ് മേധാവിയായി നിയമിച്ചതിൽ ചില സിപിഎം നേതാക്കൾ ഉൾപ്പെടെയുള്ളവർ അതൃപ്തി പ്രകടിപ്പിച്ചതിനെത്തുടർന്ന് നിയമനവിവാദം സാമൂഹികമാധ്യമങ്ങളിൽ കത്തിപ്പടർന്നിരുന്നു. ഡിജിപിയെ അനുകൂലിച്ചും എതിർത്തും പോസ്റ്റുകൾ വന്നതോടെ പോലീസുകാരും അതിൽ പങ്കാളികളായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഡിജിപിയുടെ സർക്കുലർ.


പോലീസ് ഉദ്യോഗസ്ഥർ ഫോൺ റെക്കോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യരുതെന്നും നിർദേശത്തിലുണ്ട്. നെയ്യാറ്റിൻകരയിലെ മജിസ്ട്രേറ്റും പോലീസ് ഉദ്യോഗസ്ഥനും തമ്മിലുള്ള സംഭാഷണം പുറത്തുവന്ന സംഭവമുണ്ടായിരുന്നു. പോലീസുകാർ ഫോൺസംഭാഷണങ്ങൾ റെക്കോഡ് ചെയ്ത് പ്രചരിപ്പിക്കരുതെന്നും സാമൂഹികമാധ്യമങ്ങളിൽ തെറ്റായി ഇടപെടരുതെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.

Previous Post Next Post