ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തിനായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ വെള്ളിയാഴ്ച രാത്രി തിരുവനന്തപുരത്തെത്തി.
ശനിയാഴ്ച രാവിലെ 11 മണിക്കാണ് സംസ്ഥാന ഓഫീസ് ഉദ്ഘാടനം. ഓഫീസിലെത്തി പതാക ഉയര്‍ത്തുന്ന അമിത് ഷാ, ഓഫീസിന് മുന്നില്‍ വൃക്ഷത്തൈ നടും. തുടര്‍ന്ന് നാട മുറിച്ച് കെട്ടിടത്തില്‍ പ്രവേശിച്ച് വിളക്കുകൊളുത്തി ഓഫീസ് ഉദ്ഘാടനം നിര്‍വഹിക്കും.
ഓഫീസിന്റെ നടുത്തളത്തില്‍ സ്ഥാപിച്ച മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.ജി മാരാരുടെ അർദ്ധകായ വെങ്കല പ്രതിമയും ആഭ്യന്തരമന്ത്രി അനാച്ഛാദനം ചെയ്യും. തുടര്‍ന്ന് പതിനൊന്നരയ്ക്ക് പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന വാര്‍ഡുതല നേതൃസംഗമം അമിത് ഷാ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ നാല് റവന്യൂ ജില്ലകളിലെ 36,000 നേതാക്കളാണ് നേതൃസംഗമത്തിലെത്തുന്നതെന്ന് ബിജെപി അറിയിച്ചു.
മറ്റു പത്ത് റവന്യൂ ജില്ലകളിലെ അഞ്ചംഗ വാര്‍ഡ് സമിതി അംഗങ്ങളും പഞ്ചായത്ത് മുതല്‍ ജില്ലാ തലം വരെയുള്ള നേതാക്കളും അതാതു പഞ്ചായത്ത് ഏരിയാ തലങ്ങളില്‍ വെര്‍ച്വലായി തിരുവനന്തപുരം സമ്മേളനത്തിന്റെ ഭാഗമാകും. ഉച്ചയ്ക്ക് ശേഷം ബിജെപി സംസ്ഥാന നേതൃയോഗത്തിലും അമിത് ഷാ പങ്കെടുക്കും. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചർച്ച ചെയ്യും.
നാലുമണിയോടെ കണ്ണൂരിലേക്ക് തിരിക്കുന്ന ആഭ്യന്തരമന്ത്രി തളിപ്പറമ്ബ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദർശനം നടത്തി ദല്‍ഹിക്ക് മടങ്ങും. പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന വാര്‍ഡ് തല നേതൃസംഗമത്തോടെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള പോരാട്ടം ബിജെപി ആരംഭിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രസ്താവിച്ചു. കേരളത്തിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നതായും ആരോഗ്യ - വിദ്യാഭ്യാസ മേഖലകളിലടക്കം സംസ്ഥാന സർക്കാരിന്റെ അനാസ്ഥ മൂലം സംഭവിക്കുന്ന വീഴ്ചകള്‍ ബിജെപി ജനങ്ങളിലേക്ക് എത്തിക്കുമെന്നും ബിജെപി അധ്യക്ഷൻ പറഞ്ഞു.