സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗം ആകെ കുളമായി, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയില്‍ കോടികളുടെ അഴിമതി: വി ഡി സതീശന്‍

കൊച്ചി: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗം ആകെ കുളമായ അവസ്ഥയിലാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിസ്സാരമായ കാര്യങ്ങളുടെ പേരിൽ സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും സംഘർഷമാണ്. കേരളത്തിലെ 13 സർവകലാശാലകളിൽ 12 എണ്ണത്തിലും വൈസ് ചാൻസലർമാരില്ല. കേരള സർവകലാശാല സമരത്തിൽ എസ്എഫ്‌ഐ കാണിച്ചത് ആഭാസമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.


ഗവർണർക്കെതിരെ സമരം ചെയ്യാൻ യൂണിവേഴ്‌സിറ്റി ജീവനക്കാരെയും സർവകലാശാലയിൽ വന്ന കുട്ടികളെയും മർദ്ദിക്കുകയാണോ ചെയ്യേണ്ടത് ?. കീം ഫലം വന്നപ്പോൾ ഹൈക്കോടതി അതു റദ്ദു ചെയ്തു. ആരെങ്കിലും പ്രോസ്‌പെക്ടസ് അവസാന നിമിഷം തിരുത്തുമോ?. സാമാന്യബുദ്ധിയുള്ള ആരെങ്കിലും അങ്ങനെ ചെയ്യുമോയെന്ന് വിഡി സതീശൻ ചോദിച്ചു.


എൻട്രൻസ് കമ്മീഷണറേറ്റിലും ഉന്നത വിദ്യാഭ്യാസ വകുപ്പിലും ഒരു ചിന്തയുമില്ലാതെ കാര്യങ്ങൾ ചെയ്ത് കുട്ടികളുടെ ഭാവി അവതാളത്തിലാക്കുകയാണ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം പ്രത്യേകിച്ചും, കുട്ടികൾ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകാനുള്ള ട്രെൻഡ് നിലനിൽക്കുന്ന കാലഘട്ടത്തിൽ, സർവകലാശാലകളിലെ സംഘർഷം കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കും. ഈ സമരം തീർക്കാൻ ആരും മുൻകൈ എടുക്കുന്നില്ലെന്നും വിഡി സതീശൻ പറഞ്ഞു.


സെനറ്റ് ഹാളിൽ ഒരു പരിപാടി നടന്നതുമായി ബന്ധപ്പെട്ട നിസ്സാര പ്രശ്‌നമാണ് ഈ അവസ്ഥയിലെത്തിയത്. പ്രശ്‌നം ഉണ്ടായാൽ അതു പരിഹരിക്കുകയല്ലേ വേണ്ടത്. അത് സംഘർഷഭരിതമായ സാഹചര്യത്തിലേക്ക് പോകുകയാണ്. മുഖ്യമന്ത്രി ചാൻസലറായ ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയിൽ കോടികളുടെ അഴിമതിയാണ് പുറത്തു വന്നിരിക്കുന്നത്. വിസി തന്നെ റിപ്പോർട്ട് നൽകിയിരിക്കുകയാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് നടത്തുന്ന ഗ്രഫീൻ അറോറ എന്ന പദ്ധതിയുടെ ഉത്തരവ് ഇറങ്ങിക്കഴിഞ്ഞതിനുശേഷമാണ് ഒരു പുതിയ കമ്പനി രൂപീകരിക്കുന്നത്. വിഡി സതീശൻ പറഞ്ഞു.


ഉത്തരവ് ഇറങ്ങിക്കഴിഞ്ഞശേഷം ഉണ്ടാക്കിയ കമ്പനിക്കു കരാർ കൊടുക്കുകയും, നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുമുമ്പ് അഡ്വാൻസ് കൊടുക്കുകയും ചെയ്യുകയാണ്. വൈസ് ചാൻസലറുടെ റിപ്പോർട്ടാണിത്. അധ്യാപകർ സ്വന്തമായി കമ്പനിയുണ്ടാക്കി പ്രോജക്ട് ഉണ്ടാക്കുകയാണ്. ഡിജിറ്റൽ സർവകലാശാലയുടെ സ്ഥലം മുഴുവൻ ദുരുപയോഗം ചെയ്തുകൊണ്ട് പണം ഉണ്ടാക്കുകയാണ് കുറേയാളുകൾ. ഗ്രഫീൻ എഞ്ചിനീയറിങ് ആന്റ് ഇന്നവേഷൻ എന്ന കമ്പനിക്കാണ് പ്രോജക്ട് നടപ്പാക്കാൻ കരാർ കൊടുത്തിരിക്കുന്നത്. ഇതിനു പിന്നിൽ ആരൊക്കെയാണെന്ന് മാധ്യമങ്ങൾ അന്വേഷിച്ചാൽ മനസ്സിലാകും. ഇതൊന്നും വെറുതെ കൊടുത്തതല്ല. വേണ്ടപ്പെട്ട ആളുകളൊക്കെ ആ കമ്പനിയിലുണ്ടെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.


എല്ലാ ദിവസവും ഇങ്ങനെ കുറേ സർവേകൾ വരുന്നുണ്ടല്ലോ?


ശശി തരൂരുമായി ബന്ധപ്പെട്ട സർവേ താൻ കണ്ടിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ഏത് സർവേയാണത്?. ഇഷ്ടംപോലെ സർവേകൾ ഇങ്ങനെ എല്ലാ ദിവസവും വരുന്നുണ്ടല്ലോ. കുറേയൊക്കെ കാണും, കുറേയൊക്കെ കാണില്ല. ഇതിന് ഞങ്ങളെന്തിനാണ് അഭിപ്രായം പറയുന്നത്?. ശശി തരൂർ കോൺഗ്രസ് പ്രവർത്തക സമിതി അംഗമാണ്. അദ്ദേഹം എഴുതിയ ലേഖനം തന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ താനല്ല അതിൽ അഭിപ്രായം പറയേണ്ടത്. ഞങ്ങൾ സംസ്ഥാന തലത്തിലുള്ള നേതാക്കൾ, വർക്കിങ് കമ്മിറ്റി അംഗമായ തരൂരിനെക്കുറിച്ച് ഒരു കമന്റും പറയുന്നില്ലെന്നും വിഡി സതീശൻ വ്യക്തമാക്കി.


തരൂരിന്റെ ലേഖനം വായിച്ചതിൽ തനിക്ക് അഭിപ്രായമുണ്ട്. എന്നാൽ അതു പറയുന്നില്ല. ഈ കാര്യത്തിൽ ദേശീയ നേതൃത്വമാണ് തീരുമാനം എടുത്ത് പറയേണ്ടത്. തനിക്കു പരാതിയുണ്ടെങ്കിൽ അതു ദേശീയ നേതൃത്വത്തെയാണ് അറിയിക്കേണ്ടതെന്ന് വിഡി സതീശൻ പറഞ്ഞു. യുഡിഎഫിന്റെ ജനകീയ അടിത്തറ വിപുലപ്പെടുത്തുന്നത് ദീർഘകാല അജണ്ടയിലുണ്ട്. എന്നാൽ ഇന്നത്തെ യുഡിഎഫ് നേതൃയോഗത്തിൽ അത്തരം അജണ്ടകൾ ഒന്നുമില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

Previous Post Next Post