നിപ: പാലക്കാട്ടെ നിയന്ത്രണങ്ങൾ പിൻവലിച്ചു, കൂട്ടം കൂടാൻ പാടില്ല, പൊതുയിടങ്ങളിൽ മാസ്‌ക് നിർബന്ധം

പാലക്കാട്: പാലക്കാട് നിപ ജാഗ്രതയെ തുടർന്ന് കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച 18 വാർഡുകളിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു. പുതിയ രോഗികളോ രോഗലക്ഷണങ്ങളോ കണ്ടെത്താതതിനെ തുടർന്നാണ് നിയന്ത്രണങ്ങൾ പിൻവലിച്ചത്.


കുമരംപുത്തൂർ, കാരാക്കുറുശ്ശി, കരിമ്പുഴ പഞ്ചായത്തുകളിലെയു മണ്ണാർക്കാട് മുനിസിപ്പാലിറ്റിയിലെയും കണ്ടെയ്ൻമെന്റ് സോണുകളിലെ നിയന്ത്രണങ്ങളാണ് നീക്കിയത്. ജാഗ്രതയെ മുൻനിർത്തി 2025 ഓഗസ്റ്റ് 1 വരെ ഈ വാർഡുകളിൽ പൊതുയോഗങ്ങൾ സംഘടിപ്പിക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് നിർദേശമുണ്ട്.


മണ്ണാർക്കാട് താലൂക്ക് പരിധിയിൽ പൊതുയിടങ്ങളിൽ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് മുന്നറിയിപ്പ്. കൂടാതെ നിലവിൽ ക്വാറന്റീനിൽ തുടരാൻ നിർദ്ദേശിക്കപ്പെട്ട ആളുകൾ മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർബന്ധമായും ക്വാറന്റീനിൽ തുടരേണ്ടതാണെന്നും നിർദേശമുണ്ട്.


കുമരംപുത്തൂർ ചെങ്ങലീരി സ്വദേശി നിപ ബാധിച്ചു മരണപ്പെട്ടതിന് പിന്നാലെയായിരുന്നു നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ച 32കാരന് നിപ നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചിരുന്നു. യുവാവിന്റെ പിതാവായിരുന്നു നിപ ബാധിച്ചു മരിച്ചത്.


Previous Post Next Post