റവാഡ ചന്ദ്രശേഖർ ഒത്തുതീർപ്പ് സ്ഥാനാർത്ഥി; സ്വന്തം തടി രക്ഷപ്പെടുത്താനുള്ള പിണറായിയുടെ തീരുമാനം: കെ സി വേണുഗോപാൽ

കണ്ണൂർ: സംസ്ഥാന പൊലീസ് മേധാവിയായ റവാഡ ചന്ദ്രശേഖർ ഒത്തുതീർപ്പ് സ്ഥാനാർത്ഥിയാണെന്ന് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കേന്ദ്രസർക്കാരുമായി മുഖ്യമന്ത്രി ഉണ്ടാക്കിയ ധാരണപ്രകാരമാണ് പുതിയ ഡിജിപിയുടെ നിയമനം. സ്വന്തം തടി സംരക്ഷിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.


സ്വന്തം തടി രക്ഷപ്പെടുത്താനുള്ള തീരുമാനം വരുമ്പോൾ സിപിഎമ്മിൽ പാവപ്പെട്ട രക്തസാക്ഷികൾക്ക് എന്തു സ്ഥാനമാണുള്ളതെന്ന് കെ സി വേണുഗോപാൽ ചോദിച്ചു. ഒത്തുതീർപ്പ് രാഷ്ട്രീയമാണ് ഉണ്ടായിട്ടുള്ളത്. കൂത്തുപറമ്പ് രക്തസാക്ഷികളെ സിപിഎം തള്ളിപ്പറയുകയാണ്. കൂത്തുപറമ്പിൽ അദ്ദേഹം അന്ന് അങ്ങനെ ചെയ്തത് ഉത്തരവാദിത്തത്തിന്റെ ഭാഗമായിട്ടാണ്. അന്ന് സിപിഎം പറഞ്ഞതെല്ലാം പൊതുമണ്ഡലത്തിൽ ഇപ്പോഴുമുണ്ട്. അതെന്താണ് ഇപ്പോൾ മാറ്റിമറിച്ചതെന്നു നോക്കിയാൽ അതിനകത്ത് വലിയ ദുരൂഹതയുണ്ട്. കെ സി വേണുഗോപാൽ അഭിപ്രായപ്പെട്ടു.


പിണറായി വിജയന്റെ നിലപാടുകൾ സ്വന്തം അണികൾ തന്നെ ചോദ്യം ചെയ്യും. റവാഡ ചന്ദ്രശേഖർ എന്ന പൊലീസ് ഉദ്യോഗസ്ഥനിൽ തനിക്ക് ഒരു മതിപ്പുകുറവുമില്ല. നിതിൻ അഗർവാളിനെ പോലീസ് മേധാവിയാക്കാതിരിക്കാൻ ചില കാരണങ്ങളുണ്ട്. വേണ്ടി വന്നാൽ അക്കാര്യം വെളിപ്പെടുത്തുമെന്നും കെസി വേണുഗോപാൽ പറഞ്ഞു. താൻ എംഎൽഎയായിരുന്നപ്പോൾ അദ്ദേഹം എസ്പിയായി പ്രവർത്തിച്ചിട്ടുണ്ട്. ഏതു കൊലകൊമ്പൻ പറഞ്ഞാലും സത്യത്തിനൊപ്പം നിൽക്കുന്ന ഓഫീസറാണ് നിതിൻ അഗർവാൾ എന്നാണ് താൻ മനസ്സിലാക്കിയിട്ടുള്ളത്.


യോഗേഷ് ഗുപ്തയും അതുപോലുള്ള ഉദ്യോഗസ്ഥനാണ്. എന്നാൽ ഇവർക്ക് അതൊന്നും പറ്റില്ല. തമ്മിൽ ഭേദം റവാഡയെന്ന മുഖ്യമന്ത്രിയുടെ പരാമർശം ഇതിനുള്ള തെളിവാണ്. ഇക്കാര്യം കാലം തെളിയിക്കുമെന്നും കെസി വേണുഗോപാൽ പറഞ്ഞു. പ്രധാനമന്ത്രിയുടെ സെക്യൂരിറ്റിയുടെ സെക്രട്ടറിയായിരുന്ന റവാഡ ചന്ദ്രശേഖർ, സംസ്ഥാനത്തിന്റെ പൊലീസ് മേധാവിയായി വന്നതിനു പിന്നിൽ കേന്ദ്രവുമായിട്ടുള്ള രണ്ടാമത്തെ ഡീലാണ്. നിതിൻ അഗർവാളിനെ പരിഗണിക്കാതിരിക്കാനുള്ള കാരണം അറിഞ്ഞാൽ ഇതു വ്യക്തമാകുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

Previous Post Next Post