ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകള്‍ക്ക്‌ നാളെ രണ്ടാണ്ട്‌; രാഹുൽ ​ഗാന്ധി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും

ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകള്‍ക്ക്‌ നാളെ രണ്ടാണ്ട്‌. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഓര്‍മയായിട്ട്‌ രണ്ടു വര്‍ഷം തികയുന്ന നാളെ പുതുപ്പള്ളിയിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും സംഘടിപ്പിച്ചിരിക്കുന്നത്‌ വിപുലമായ പരിപാടികള്‍.


രാഹുല്‍ ഗാന്ധി പുതുപ്പള്ളിയില്‍ നടക്കുന്ന പരിപാടിയില്‍ ഉദ്‌ഘാടനാകും. കോണ്‍ഗ്രസിന്റെ സംസ്‌ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ മുഴുവന്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

പുതുപ്പള്ളി സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നാളെ രാവിലെ 6.30ന്‌ പ്രഭാതനമസ്‌കാരം, ഏഴിന്‌ കുര്‍ബാന, 8.15ന്‌ കബറിങ്കല്‍ പ്രാര്‍ഥന. ഒന്‍പതിന്‌ പള്ളിമൈതാനത്ത്‌ പ്രത്യേകം പന്തലില്‍ നടക്കുന്ന അനുസ്‌മരണസമ്മേളനം ലോക്‌സഭ പ്രതിപക്ഷ നേതാവ്‌ രാഹുല്‍ ഗാന്ധി ഉദ്‌ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡന്റ്‌ സണ്ണി ജോസഫിന്റെ അധ്യക്ഷതയില്‍ പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്‍, രമേശ്‌ ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമാ മാത്യൂസ്‌ തൃതീയന്‍ കാതോലിക്കാ ബാവ, കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പങ്കെടുക്കും.

ഇന്നു നെടുമ്ബാശേരിയില്‍ വിമാനമാര്‍ഗം എത്തുന്ന രാഹുല്‍ഗാന്ധി രാത്രി കുമരകം താജ്‌ ഹോട്ടലില്‍ താമസിക്കും. 18നു രാവിലെ പുതുപ്പള്ളിയിലെത്തുന്ന രാഹുല്‍ ഗാന്ധി ആദ്യം കബറിങ്കല്‍ പുഷ്‌പാര്‍ച്ചന നടത്തും. തുടര്‍ന്ന്‌ നേതാക്കള്‍ പുഷ്‌പാര്‍ച്ചന നടത്തും. തുടര്‍ന്നായിരിക്കും സമ്മേളനം.

ഉമ്മന്‍ചാണ്ടിയുടെ സ്‌മരണയ്‌ക്കായി കെ.പി.സി.സി. ആരംഭിക്കുന്ന സ്‌മൃതി തരംഗം ജീവകാരുണ്യ പദ്ധതിയുടെ ഉദ്‌ഘാടനവും ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ വീടുകളുടെ താക്കോല്‍ദാനവും ഉമ്മന്‍ാണ്ടി സ്‌പോര്‍ട്‌സ് അരീന നിര്‍മാണ ഉദ്‌ഘാടനവും സമ്മേളനത്തില്‍ നടക്കും.

കെ.പി.സി.സിയും കോട്ടയം ഡി.സി.സിയും സംയുക്‌തമായി നടത്തുന്ന അനുസ്‌മരണ പരിപാടിയില്‍ പതിനായിരത്തിലധികം കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ പങ്കെടുക്കും. വിശാലമായ പന്തലാണു പുതുപ്പള്ളി പള്ളി മൈതാനത്ത്‌ ഒരുക്കിയിരിക്കുന്നത്‌. പി.സി. വിഷ്‌ണുനാഥ്‌ എം.എല്‍.എയുടെ നേതൃത്വത്തിലാണ്‌ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്‌.

രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം പ്രമാണിച്ച്‌ ജില്ലയില്‍ വിപുലമായ സുരക്ഷാ സന്നാഹമാണ്‌ ഒരുക്കിയിരിക്കുന്നത്‌. കുമരകത്തും പുതുപ്പള്ളിയിലും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുണ്ടാകും. വൈക്കം മുതല്‍ പുതുപ്പള്ളി വരെയായി അഞ്ചു ഡിവൈ.എസ്‌.പിമാരുടെ നേതൃത്വത്തില്‍ 500 പോലീസുകാരെയാണ്‌ സുരക്ഷയ്‌ക്കായി നിയോഗിച്ചിരിക്കുന്നത്‌. സി.ആര്‍.പി.എഫിന്റെ പ്രത്യേക വിഭാഗവും സുരക്ഷയ്‌ക്കായി ജില്ലയില്‍ എത്തും.

വിപുലമായ പാര്‍ക്കിങ്ങ്‌ ക്രമീകരണവും പുതുപ്പള്ളിയില്‍ ഒരുക്കിയിട്ടുണ്ട്‌.

Previous Post Next Post