'അമ്മാ.... ഇട്ടേച്ച് പോകല്ലാമ്മാ...' അലമുറയിട്ട് നവനീത്, അതിവൈകാരിക നിമിഷങ്ങളിൽ ബിന്ദുവിന് നാടിന്റെ യാത്രാമൊഴി

കോട്ടയം: മെഡിക്കൽ കോളജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മൃതദേഹം തലയോലപ്പറമ്പിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ബിന്ദുവിന്റെ മൃതദേഹം എത്തിച്ചപ്പോൾ അതിവൈകാരിക നിമിഷങ്ങൾക്കായിരുന്നു വീട് സാക്ഷ്യം വഹിച്ചത്. ബിന്ദുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചതിന് പിന്നാലെ മകൻ നവനീതും മകൾ നവമിയും നെഞ്ചുപൊട്ടി അമ്മയുടെ ശരീരത്തോട് ചേർന്നു.


'അമ്മാ.... എന്നെക്കൊണ്ട് പറ്റൂല്ലാമ്മാ... ഇട്ടേച്ച് പോകല്ലാമ്മാ...' എന്ന് അലമുറയിട്ട് കരഞ്ഞ നവനീതിനെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും വിഷമിച്ചു. മക്കളെ ഇനി എന്തുപറഞ്ഞ് സമാധാനിപ്പിക്കുമെന്നറിയാതെ മൃതദേഹത്തിന് മുമ്പിൽ നെഞ്ചുപൊട്ടി നിസ്സഹായതയോടെ ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ. രണ്ടാഴ്ച കഴിഞ്ഞ് നവമിക്ക് ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. ഇതിനുവേണ്ടിയുള്ള ചികിത്സയ്ക്കായിരുന്നു ബിന്ദു കോട്ടയം മെഡിക്കൽ കോളജിലെത്തിയത്.


സിവിൽ എഞ്ചിനീയറിങ് കഴിഞ്ഞ മകൻ നവനീത് എറണാകുളത്ത് ഡെലിവറി ബോയ് ആയി ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ ദിവസമാണ് നവനീതിന് ശമ്പളം കിട്ടിയത്. ശമ്പളമായി കിട്ടിയ പതിനായിരം രൂപയുമായി അച്ഛന്റെ അടുത്തെത്തിച്ചപ്പോൾ, പണം അമ്മയെ ഏൽപ്പിക്കാനാണ് വിശ്രുതൻ പറഞ്ഞത്. എന്നാൽ ആ പണം ഏറ്റുവാങ്ങാൻ നിൽക്കാതെ അമ്മ ബിന്ദു പോയി. അമ്മ ഇനി തങ്ങൾക്കൊപ്പമില്ലെന്ന തിരിച്ചറിവിൽ നവനീത് അലമുറയിട്ടു കരഞ്ഞപ്പോൾ കണ്ടുനിന്നവർക്കും കണ്ണീരടക്കാനായില്ല.


രാവിലെ ബിന്ദുവിന്റെ മൃതദേഹം വീട്ടിലേക്ക് എത്തിച്ചപ്പോൾ മുതൽ, അന്തിമോപചാരം അർപ്പിക്കാനായി നാട് ഒന്നാകെ ആ വീട്ടിലേക്ക് ഒഴുകിയെത്തിയിരുന്നു. മന്ത്രിമാരോ, സംസ്ഥാന സർക്കാർ പ്രതിനിധികളോ ബിന്ദുവിന്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനായി എത്തിയിരുന്നില്ല. മന്ത്രിമാർ വിളിക്കുക പോലും ചെയ്തില്ലെന്ന് ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ പറഞ്ഞിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ബിന്ദുവിന്റെ വീട്ടിലെത്തിയിരുന്നു.

Previous Post Next Post