തിരുവനന്തപുരം: വൈസ് ചാൻസലറുടെ വിലക്ക് തള്ളിക്കളഞ്ഞ്, രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാർ കേരള സർവകലാശാല ആസ്ഥാനത്തെത്തി. അനിൽ കുമാർ എത്തിയാൽ തടയാൻ സുരക്ഷ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ ഈ വിലക്കുകളെയെല്ലാം മറികടന്നാണ് രജിസ്ട്രാർ അനിൽകുമാർ സർവകലാശാലയിലെ ഓഫീസിൽ പ്രവേശിച്ചത്. കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് താൻ പ്രവർത്തിക്കുന്നത്. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് ഡോ. കെ എസ് അനിൽകുമാർ പറഞ്ഞു.
രജിസ്ട്രാർ സസ്‌പെൻഷനിലാണെന്നും ഓഫീസിൽ ഹാജരാവുന്നത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി താത്കാലിക വിസി ഡോ. സിസാ തോമസ് ചൊവ്വാഴ്ച രാത്രി അനിൽകുമാറിന് നോട്ടീസ് നൽകിയിരുന്നു. തന്നെ നിയമിച്ച സിൻഡിക്കേറ്റ് സസ്‌പെൻഷൻ റദ്ദാക്കിയിട്ടുണ്ടെന്നും പദവിയിൽ തുടരാൻ നിയമപരമായി തടസ്സമില്ലെന്നും നോട്ടീസിന് രജിസ്ട്രാർ അനിൽകുമാർ മറുപടി നൽകിയിരുന്നു. അതേസമയം, ഡോ. മിനി കാപ്പന് രജിസ്ട്രാർ ചുമതല നൽകി കൊണ്ട് വൈസ് ചാൻസലർ മോഹൻ കുന്നുമ്മേൽ ഉത്തരവിറക്കിയിരുന്നു.
അതേസമയം കേരള സർവകലാശാലയിൽ പ്രതിഷേധം ഇന്നും സംഘർഷമായി. പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ, എഐവൈഎഫ് പ്രവർത്തകർ സർവകലാശാല ആസ്ഥാനത്തേക്കെത്തി. പ്രവർത്തകരെ പൊലീസ് തടഞ്ഞു. പൊലീസ് ബാരിക്കേഡ് മറികടന്ന് എഐവൈഎഫ് സർവകലാശാല വളപ്പിന് അകത്തു കയറി. ഈ പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി. ഡിവൈഎഫ്‌ഐ പ്രവർത്തകർ പ്രതിഷേധവുമായി എത്തിയതോടെ പൊലീസ് ഗേറ്റിന് മുന്നിൽ ബാരിക്കേഡ് വെച്ച് തടഞ്ഞു.
ഡിവൈഎഫ്‌ഐ പ്രവർത്തകരെ തടയാൻ പൊലീസ് മൂന്നു തവണ ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡിന് മുകളിൽ കയറി നിന്നും പ്രതിഷേധിച്ചു. കഴിഞ്ഞദിവസത്തെ പ്രതിഷേധത്തിൽ, എസ്എഫ്‌ഐ പ്രവർത്തകർ സർവകലാശാല ആസ്ഥാനത്ത് കയറിയ സംഭവം ചൂണ്ടിക്കാട്ടി, ഇത്തരം നടപടി ഉണ്ടാകരുതെന്ന് കാണിച്ച് ഗവർണർ പൊലീസ് മേധാവിക്ക് കത്തു നൽകിയിരുന്നു. ഇതു പരിഗണിച്ച് പ്രതിഷേധക്കാരെ കർശനമായി തടയാൻ പൊലീസിന് ഡിജിപി നിർദേശം നൽകിയിയിട്ടുണ്ട്.