കോട്ടയം:മുണ്ടക്കയത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് ഓഫീസിലെ ഹോം ഗാർഡായ മുണ്ടക്കയം കരിനിലം സ്വദേശി കല്ലുകുന്നേൽ കെ.എസ്. സുരേഷ് ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ മുണ്ടക്കയം അസമ്പനിയിലായിരുന്നു സംഭവം. വൈദ്യുതി ലൈനിലിലേയ്ക്ക് ചാഞ്ഞ് കിടന്ന മരം മുറിച്ച് മാറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
വൈദ്യുത ലൈനിലേക്ക് ചാഞ്ഞുകിടന്ന മരം മുറിച്ചുമാറ്റുന്നതിനിടെ സുരേഷ് അപകടത്തിൽ പെടുകയായിരുന്നു. മരംമുറിക്കുന്നതിനിടെ പോസ്റ്റ് ഒടിഞ്ഞുവീണ് സുരേഷിന്റെ ശരീരത്തിലേക്ക് പതിക്കുകയായിരുന്നു. ഉടൻ തന്നെ സുഹൃത്തുക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും സുരേഷിന്റെ ജീവൻ രക്ഷിക്കാനായില്ല. വാരിയെല്ലുകൾ ഒടിഞ്ഞിരുന്നുവെന്നും ആന്തരികാവയവങ്ങളിലും ഗുരുതരമായി പരിക്കേറ്റതായി ഡോക്ടർമാർ പറഞ്ഞു.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോവും. ഈ പരിസരത്ത് കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ കാറ്റുണ്ടായിരുന്നതിനാൽ നിരവധി സ്ഥലങ്ങളിൽ മരങ്ങൾ പൊട്ടിവീണിരുന്നു. ഈ മരങ്ങൾ വെട്ടിമാറ്റുന്ന ജോലിയിലായിരുന്നു ഫയർ ഫോഴ്‌സ് അംഗങ്ങൾ.