തിരുവനന്തപുരം: സംസ്ഥാനത്തെ തെരുവുനായ പ്രശ്‌നത്തിൽ നിർണായക ഇടപെടലുമായി സർക്കാർ. രോഗബാധിതരായ തെരുവുനായകളെ ദയാവധം നടത്താമെന്ന തീരുമാനമായി. മൃഗസംരക്ഷണ- തദ്ദേശ വകുപ്പ് മന്ത്രിമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.
വെറ്റിനറി വിദഗ്ദ്ധന്റെ സാക്ഷ്യപത്രത്തോടെ നായകളെ ദയാവധത്തിന് വിധേയമാക്കാം. ഇക്കാര്യത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകാനും യോഗം തീരുമാനിച്ചു. കേന്ദ്രചട്ടങ്ങൾ പാലിച്ചാകും ദയാവധം നടത്തുകയെന്നും മന്ത്രിമാരായ എം ബി രാജേഷും ജെ ചിഞ്ചുറാണിയും വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഏതെങ്കിലും മൃഗത്തിന് രോഗം പടർത്താൻ കഴിയുന്ന തരത്തിൽ അസുഖമുണ്ടെന്ന് കേന്ദ്ര സർക്കാരിനോ സംസ്ഥാന സർക്കാരിനോ ബോധ്യപ്പെട്ടാൽ, അത്തരം രോഗം നിയന്ത്രിക്കുന്നതിനായി അവയെ ദയാവധത്തിന് വിധേയമാക്കുന്നതിന് 2023 ലെ ആനിമൽ ഹസ്ബൻഡറി പ്രാക്ടീസ് ആൻഡ് പ്രോസീജ്യർ റൂളിൽ അനുമതി നൽകുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
സെപ്തംബറിൽ വളർത്തുനായ്ക്കൾക്ക് വാക്‌സിനേഷനും ലൈസൻസ് എടുക്കാനുമുള്ള ക്യാംപ് നടത്തും. വളർത്തുനായ്ക്കൾക്ക് ഇലക്ട്രോണിക് ചിപ്പും ഘടിപ്പിക്കും. ഓഗസ്റ്റിൽ തെരുവുനായ്ക്കൾക്കുള്ള വാക്‌സിനേഷനും നടത്തുമെന്നും മന്ത്രിമാർ അറിയിച്ചു.
