പാലക്കാട് ഒരാൾക്ക് കൂടി നിപ; രോഗം ബാധിച്ചു മരിച്ചയാളുടെ മകനും വൈറസ് ബാധ

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ രോഗ ബാധ. നിപ ബാധയെ തുടർന്ന് കഴിഞ്ഞ ദിവസം മരിച്ച വ്യക്തിയുടെ മകനാണ് രോഗ ബാധ സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് 32 കാരന് രോഗം ബാധ കണ്ടെത്തിയത്. നിപ ബാധിച്ച് മരിച്ച 58 കാരന് ഒപ്പം ആശുപത്രിയിൽ സഹായിയായി മകനായിരുന്നു ഉണ്ടായിരുന്നത്.


ജൂലെെ 12 ന് ആയിരുന്നു മണ്ണാർക്കാട് കുമരംപുത്തൂർ ചങ്ങലേരി സ്വദേശിയായ 58 കാരൻ മരിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തിന് രോഗ ബാധ സ്ഥിരീകരിച്ചത്. നിപ ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പ്രദേശത്ത് കർശനിയന്ത്രണങ്ങൾ തുടരുന്നതിനിടെയാണ് പുതിയ റിപ്പോർട്ടുകൾ. മരിച്ച വ്യക്തിയുടെ സമ്പർക്കപ്പട്ടിയിൽ ഉണ്ടായിരുന്ന യുവാവ് നേരത്തെ തന്നെ ഐസൊലേഷനിലായിരുന്നു.


ചൊവ്വാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ആകെ 675 പേർ നിപ സമ്പർക്ക പട്ടികയിലുണ്ടെന്നാണ് ആരോഗ്യ വകുപ്പ് കണക്കുകൾ. 178 പേർ പാലക്കാട് നിപ റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ വ്യക്തിയുടെ സമ്പർക്കപ്പട്ടികയിൽ ഉള്ളവരാണ്. മലപ്പുറത്ത് 210 പേരും പാലക്കാട് 347, കോഴിക്കോട് 115, എറണാകുളത്ത് 2, തൃശൂരിൽ ഒരാളുമാണ് സമ്പർക്കപ്പട്ടികയിലുള്ളത്. ഇതിൽ 38 പേർ ഹൈ റിസ്‌കിലും 139 പേർ ഹൈ റിസ്‌ക് വിഭാഗത്തിൽ നിരീക്ഷണത്തിലുമുണ്ട്. മലപ്പുറത്ത് 13 പേർ ഐസിയുവിൽ ചികിത്സയിലുണ്ട്. ജില്ലയിൽ ഇതുവരെ 82 സാംപിളുകൾ നെഗറ്റീവായി. പാലക്കാട് 12 പേർ ഐസൊലേഷൻ ചികിത്സയിലാണ്. 5 പേർ ആശുപത്രി വിടുകയും ചെയ്തിരുന്നു.

Previous Post Next Post