മാമ്പഴ വിരുന്ന് സംഘടിപ്പിച്ച് തരൂർ; കോൺഗ്രസ് എംപിമാരെത്തി, വിട്ടു നിന്ന് മുതിർന്ന നേതാക്കൾ

 

ന്യൂഡൽഹി: ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ എംപിമാർക്കും നേതാക്കൾക്കുമായി വിരുന്ന് സംഘടിപ്പിച്ച് ശശി തരൂർ എംപി. എന്നാൽ മാംഗോ ആന്റ് ചാട്ട് പാർട്ടിയെന്ന വിരുന്നിൽ നിന്നും മുതിർന്ന കോൺഗ്രസ് നേതാക്കൾ വിട്ടു നിന്നു. അതേസമയം നിരവധി വിദേശരാജ്യങ്ങളിൽ നിന്നുള്ള നയതന്ത്ര പ്രതിനിധികൾ വിരുന്നിൽ പങ്കെടുത്തു.



കേരളത്തിൽ നിന്നുള്ള എംപിമാരായ ബെന്നി ബെഹനാൻ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് (കോൺഗ്രസ്), ജോൺ ബ്രിട്ടാസ്, വി ശിവദാസൻ (സിപിഎം), എൻ കെ പ്രേമചന്ദ്രൻ (ആർഎസ്പി) എന്നിവർ വിരുന്നിൽ സംബന്ധിച്ചു. മഹുവ മൊയ്ത്ര (ടിഎംസി), ഭർത്താവും മുൻ എംപിയുമായ പിനാകി മിശ്ര, ടി സുമതി (ഡിഎംകെ), മിലിന്ദ് ദിയോറ (ശിവസേന-ഷിൻഡെ) ഭാര്യ പൂജ ഷെട്ടി, കെ ലക്ഷ്മൺ, രേഖ ശർമ്മ (ബിജെപി) എന്നിവരും പങ്കെടുത്തു.


പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ സൈനിക നടപടി, ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച സംഘങ്ങളിൽ ഒന്നിനെ നയിച്ചത് ശശി തരൂരാണ്. അമേരിക്ക, ബ്രസീൽ അടക്കമുള്ള രാജ്യങ്ങളിലാണ് തരൂരും സംഘവും സന്ദർശിച്ചത്. ഇതിന്റെ പ്രതിഫലനമാണ് തരൂർ സംഘടിപ്പിച്ച വിരുന്നിൽ വിദേശ നയതന്ത്ര പ്രതിനിധികളുടെ സാന്നിധ്യമെന്നാണ് റിപ്പോർട്ട്.

Previous Post Next Post