മലപ്പുറം: വീണ്ടും ജീവനെടുത്ത് റോഡിലെ കുഴി. മലപ്പുറം തിരൂരിൽ റോഡിലെ കുഴിയിൽ വീണ് ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്ന ആറ് വയസുകാരി തെറിച്ചുവീണു മരിച്ചു. തിരൂർ പുറമണ്ണൂർ സ്വദേശികളായ ബൽക്കീസ് - ഫൈസൽ ദമ്പതികളുടെ മകൾ ഫൈസയാണ് മരിച്ചത്. പുറമണ്ണൂർ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ് ഫൈസ.
ഇന്നലെ രാത്രിയിലാണ് അപകടം ഉണ്ടായത്. കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷ കുഴിയിൽ വീണതിനെ തുടർന്ന് സൈഡിലിരുന്ന ആറ് വയസ്സുകാരി തെറിച്ചുവീഴുകയായിരുന്നു. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് കുഞ്ഞ് മരിച്ചത്.
ഓട്ടോറിക്ഷ കുഴിയിൽ വീണപ്പോൾ ഫൈസ തെറിച്ചുവീഴുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാർ ചേർന്നാണ് കുട്ടിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിന് പിന്നാലെ കുഴിയുള്ള ഭാഗം മണ്ണും ചരലും ഉപയോഗിച്ച് പിഡബ്ലുഡി മൂടിയതായി നാട്ടുകാർ ആരോപിക്കുന്നു. പ്രദേശത്തെ കുഴി അടയ്ക്കാനായി പലവട്ടം അധകൃതരോട് ആവശ്യപ്പെട്ടെങ്കിലും അവർ തയ്യാറായില്ലെന്ന് നാട്ടുകാർ പറയുന്നു പിഡബ്ലുഡിയുടെ അനാസ്ഥയ്‌ക്കെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.