ന്യൂഡൽഹി: വരാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്‌ബോൾ പോരാട്ടത്തിന്റെ പുതിയ സീസൺ അനിശ്ചിതത്വത്തിൽ. ഇത്തവണത്തെ സീസൺ ദീർഘ നാളേയ്ക്ക് നീട്ടി. സംപ്രേഷണം സംബന്ധിച്ച അവകാശ തർക്കമാണ് തീരുമാനത്തിനു പിന്നിൽ. സെപ്റ്റംബർ മുതലാണ് സീസൺ ആരംഭിക്കേണ്ടത്.
ഇന്ത്യൻ ഫുട്‌ബോൾ ഫെഡറേഷനുമായുള്ള മാസ്റ്റർ റൈറ്റ് എഗ്രിമെന്റ് (എംആർഎ) പുതുക്കുന്ന കാര്യത്തിൽ തീരുമാനമാകാത്ത സാഹചര്യത്തിലാണ് തീരുമാനം. ഇക്കാര്യം റിലയൻസ് ഇൻഡസ്ട്രീസിന്റേയും സ്റ്റാർ സ്‌പോർട്‌സിന്റേയും സംയുക്ത ഉടമസ്ഥതയിലുള്ള ഫുട്‌ബോൾ സ്‌പോർട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡ് (എഫ്‌സിഡിഎൽ) ഫെഡറേഷനേയും ക്ലബുകളേയും രേഖാമൂലം അറിയിച്ചിട്ടുണ്ട്.
ഫെഡറേഷനും എഫ്‌സിഡിഎല്ലുമായുള്ള കരാർ ഈ വർഷം ഡിസംബറിൽ അവസാനിക്കും. എന്നാൽ കരാർ പുതുക്കാനുള്ള നടപടികളൊന്നും ഫെഡറേഷന്റെ ഭാഗത്തു നിന്നുണ്ടായില്ല. നിലവിലെ കരാറനുസരിച്ച് എഫ്‌സിഡിഎൽ 50 കോടി രൂപ ഫുട്‌ബോൾ ഫെഡറേഷന് നൽകണം. പകരമായി ലീഗിന്റെ സംപ്രേഷണം, മറ്റ് വാണിജ്യ അവകാശങ്ങൾ എഫ്എസ്ഡിഎല്ലിനു നൽകുന്ന തരത്തിലാണ് കരാർ.
ഡിസംബറിനു ശേഷമുള്ള കരാറിന്റെ അഭാവത്തിൽ, 2025-26 ഐഎസ്എൽ സീസൺ ഫലപ്രദമായി ആസൂത്രണം ചെയ്യാനോ സംഘടിപ്പിക്കാനോ വാണിജ്യപരമായ മുന്നൊരുക്കങ്ങൾ നടത്താനോ കഴിയുന്നില്ല. സീസൺ മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കില്ലെന്നു ഖേദപൂർവം അറിയിക്കുന്നു. നിലവിലെ എംആർഎ കരാറിന്റെ കാലാവധി കഴിഞ്ഞലുള്ള പുതിയ കരാറിന്റെ ഘടന സംബന്ധിച്ച് വ്യക്തത വരുന്നതുവരെ പുതിയ സീസൺ ആരംഭിക്കേണ്ടതില്ലെന്നാണ് തീരുമാനം. സീസൺ നടത്താനുള്ള എല്ലാ നീക്കങ്ങളും സജീവമായി മുന്നോട്ടു പോകുമെന്ന ഉറപ്പും എഫ്‌സിഡിഎൽ ക്ലബുകൾക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നു.
2014ൽ ഇന്ത്യൻ ഫുട്‌ബോളിൽ കൂടുതൽ പ്രൊഫഷണലിസം കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ സൂപ്പർ ലീഗ് എന്ന പേരിലുള്ള ടൂർണമെന്റ് ആരംഭിച്ചത്. 2019 മുതൽ ഇന്ത്യയിലെ ഒന്നാം ഡിവിഷൻ ഫുട്‌ബോൾ ഐഎസ്എല്ലായി ഫെഡറേഷൻ അംഗീകാരവും നൽകിയിരുന്നു. ഐ ലീഗിനെ മറികടന്നാണ് ഐഎസ്എൽ തലപ്പത്തെ ലീഗായത്.
ഫുട്‌ബോൾ ഫെഡറേഷനുമായുള്ള കേസുകൾ കോടതിയിൽ തുടരുന്നതും ഫെഡറേഷന്റെ പുതിയ ഭരണഘടന പ്രാബല്യത്തിലാകുന്നതു വരെ നിലവിലെ ഭാരവാഹികൾ സുപ്രധാന തീരുമാനങ്ങളൊന്നും എടുക്കരുതെന്ന സുപ്രീം കോടതി നിർദ്ദേശവും കരാർ പുതുക്കുന്നതിനു തടസമായി.