അച്ഛനമ്മമാർക്കിടയിലെ അടി, ബാധിക്കുന്നത് കുട്ടികളെ; എന്താണ് പേരന്റൽ ട്രയാങ്കുലേഷൻ

 

പൂമ്പാറ്റകളെ പോലെ പാറിനടക്കേണ്ടവരാണ് കുട്ടികൾ. കുസൃതിയും സന്തോഷവും നിറയേണ്ട ബാല്യം ചിലപ്പോൾ അച്ഛനമ്മമാരുടെ വഴക്കടിയിൽ പെട്ടുകുടുങ്ങി പോകാറുണ്ട്. മാതാപിതാക്കൾ തമ്മിലുള്ള സംഘഷങ്ങൾക്ക് സാക്ഷിയാകേണ്ടി വരികയും ആ സാഹചര്യത്തിൽ കുട്ടികൾ പെട്ടുപോവുകയും ചെയ്യുന്ന അവസ്ഥയാണ് പേരന്റൽ ട്രയാങ്കുലേഷൻ.


അച്ഛനമ്മമാർ തമ്മിലുള്ള വഴക്കും സംഘർഷങ്ങളും കുട്ടികളുടെ മാനസികാവസ്ഥയെ മോശമായി ബാധിക്കാം. പരസ്പരമുള്ള അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ ഇരുവരും ഇരുവരുടെയും കുറ്റും കുട്ടികളോട് പറയുക, വഴക്കുകൾക്കിടയിൽ കുട്ടികളെ സന്ദേശവാഹകരാക്കുക അല്ലെങ്കിൽ കുട്ടിയുടെ വിശ്വാസ്യത നേടാൻ മത്സരിക്കുക എന്നിങ്ങനെ വിവിധ രൂപങ്ങൾ പേരന്റൽ ട്രയാങ്കുലഷനിലുണ്ട്.


ഇവയെല്ലാം കുട്ടികളിൽ അനാവശ്യമായ ആശയക്കുഴപ്പം, ഉത്കണ്ഠ, കുറ്റബോധം എന്നിവ ഉണ്ടാക്കും. കുട്ടിയുടെ വിശ്വാസം നേടിയെടുക്കാൻ മാതാപിതാക്കൾ മത്സരിക്കാൻ തുടങ്ങിയാൽ അവരിൽ ആരുടെ കൂടെ നിൽക്കണമെന്ന ചിന്ത കുട്ടികളിൽ കടുത്ത മാനസിക സംഘർഷം ഉണ്ടാക്കും. ഇത് കുട്ടികളുടെ ആരോഗ്യകരമായ വൈകാരിക വളർച്ചയെ തടസപ്പെടുത്തുകയും ദീർഘകാല മാനസിക വെല്ലുവിളികൾക്ക് കാരണമാവുകയും ചെയ്യുന്നു.


ഇവ കുട്ടികളിൽ അരക്ഷിതാവസ്ഥ, അക്കാദമിക് ബുദ്ധിമുട്ടുകൾ, ആരോഗ്യകരമായ ബന്ധങ്ങൾ സ്ഥാപിക്കാനുള്ള കഴിവില്ലായ്മ തുടങ്ങിയ നിരവധി പ്രതിസന്ധികൾക്ക് കാരണമാകാം.


പേരന്റൽ ട്രയാങ്കുലഷൻ എങ്ങനെ കുറയ്ക്കാം:

ഈ സാഹചര്യം കുട്ടികൾ അല്ല സൃഷ്ടിക്കുന്നത്. മാതാപിതാക്കൾ മാത്രമാണ് അതിന് കാരണക്കാർ. അതുകൊണ്ട് തന്നെ അവരാണ് കൂടുതൽ ശ്രദ്ധിക്കേണ്ടതും.


ആശയവിനിമയം


തുറന്ന ആശയവിനിമയം പല പ്രശ്‌നങ്ങളും പരിഹരിക്കും. മാതാപിതാക്കൾ പ്രശ്‌നങ്ങൾ ആശയക്കുഴപ്പങ്ങളും പരസ്പരം തുറന്ന് സംസാരിക്കാൻ തയ്യാറായാൽ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് മാത്രമല്ല, കുട്ടികളെ പ്രശ്‌നങ്ങളിലേക്ക് വലിച്ചിടേണ്ട അവസ്ഥ വരുന്നില്ല.


ചില അതിരുകൾ


മാതാപിതാക്കൾ തമ്മിലുള്ള സംഘർഷങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിന് മാതാപിതാക്കളും കുട്ടികളും തമ്മിൽ കൃത്യാമായ അതിരുകൾ വേണം. കുട്ടികളോട് എന്തെല്ലാം പങ്കുവെക്കണമെന്ന് മാതാപിതാക്കൾ നേരത്തെ തീരുമാനിക്കണം. പരസ്പരമുള്ള കുറ്റങ്ങളും കുറവുകളും യാതൊരു കാരണവശാലും കുട്ടികളുമായി പങ്കിടില്ലെന്ന് അവർ ഉറപ്പാക്കണം. കൂടാതെ മാതാപിതാക്കൾ തമ്മിലുള്ള പ്രശ്‌നങ്ങൾക്ക് കുട്ടികളെ സന്ദേശവാഹകരായി ഉപയോഗിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണം.


വിദഗ്ധരുടെ സഹായം


ആവശ്യമെങ്കിൽ ഒരു ഫാമിലി തെറാപ്പിസ്റ്റിന്റെയോ കൗൺസിലറുടെയോ സഹായം മാതാപിതാക്കൾക്ക് തേടാവുന്നതാണ്. മാതാപിതാക്കളുടെ കലഹത്തിനിടെയിൽ നിന്ന് കുട്ടികളെ എപ്പോഴും ഒഴിവാക്കി നിർത്തുന്നതാണ് അവരുടെ ക്ഷേമത്തിന് മികച്ചത്. കുട്ടികൾക്ക് സുരക്ഷിതയും സുസ്ഥിരവുമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടത് പ്രധാനമാണ്.

Previous Post Next Post