തിരുവനന്തപുരം: കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്ര വിവാദത്തിൽ തന്നെ സസ്പെൻഡ് ചെയ്ത് കേരള വൈസ് ചാൻസലറുടെ നടപടിക്കെതിരെ രജിസ്ട്രാർ ഡോ. കെ എസ് അനിൽ കുമാർ കോടതിയെ സമീപിക്കും. സസ്‌പെൻഷനെ നിയമപരമായി നേരിടുമെന്ന് രജിസ്ട്രാർ അനിൽകുമാർ പറഞ്ഞു. വിസിയുടെ സസ്‌പെൻഷൻ നടപടിക്ക് നിയമസാധുത ഇല്ലെന്നാണ് അനിൽകുമാറിന് ലഭിച്ച നിയമോപദേശം എന്നാണ് റിപ്പോർട്ട്. സസ്‌പെൻഷൻ നടപടി അവഗണിച്ച് സർവകലാശാലയിൽ എത്താനാണ് രജിസ്ട്രാർ അനിൽകുമാറിന്റെ തീരുമാനമെന്നും സൂചനയുണ്ട്.
രജിസ്ട്രാറെ പിന്തുണച്ച് സർക്കാരും രംഗത്തെത്തി. വി സിയുടെ നടപടി ചട്ടവിരുദ്ധമാണെന്നും, രജിസ്ട്രാർക്ക് പദവിയിൽ തുടരാമെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു പറഞ്ഞു. നിലവിലെ നടപടി നിയമവിരുദ്ധമാണ്. നടപടിയെടുക്കാനുള്ള അധികാരം സിൻഡിക്കേറ്റിനാണ്. നിയമോപദേശം തേടിയശേഷം സർക്കാരും കോടതിയെ സമീപിക്കുമെന്ന് മന്ത്രി ബിന്ദു പറഞ്ഞു. രജിസ്ട്രാറുടെ ഭാഗത്തു നിന്നും ചട്ടവിരുദ്ധമായി ഒന്നും ഉണ്ടായിട്ടില്ല. വിസി അമിതാധികാര പ്രയോഗം നടത്തുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
സംഘർഷം ഒഴിവാക്കാനും മതേതരസ്വഭാവം നിലനിർത്താനുമാണ് രജിസ്ട്രാർ ശ്രമിച്ചത്. സർവകലാശാലയിൽ ശാന്തമായ അന്തരീക്ഷം വേണമെന്നും വിസി അധികാരത്തിൽ അഭിരമിക്കുന്നതല്ലാതെ മറ്റൊന്നും ശ്രദ്ധിക്കുന്നില്ല. വളരെ കൗശലപൂർവ്വം നടപ്പാക്കുന്ന കാവിവൽക്കരണ അജണ്ടയെ പ്രതിരോധിക്കാൻ സർക്കാർ പ്രതിബദ്ധരാണെന്നും മന്ത്രി ആർ ബിന്ദു വ്യക്തമാക്കി.
എന്നാൽ രജിസ്ട്രാറുടെ സസ്‌പെൻഷൻ നിയമപരമാണെന്ന് വി സി മോഹൻ കുന്നുമ്മൽ പറഞ്ഞു. സസ്‌പെൻഷൻ അച്ചടക്ക നടപടിയല്ല, മാറ്റിനിർത്തൽ ആണ്. സിൻഡിക്കേറ്റ് അന്വേഷണം നടത്തുകയാണെന്നും വിസി അഭിപ്രായപ്പെട്ടു. ജൂൺ 25ന് സെനറ്റ് ഹാളിൽ നടന്ന ഗവർണർ പങ്കെടുത്ത പരിപാടിയിൽ ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടർന്നുണ്ടായ നടപടികളാണ് സസ്‌പെൻഷനിൽ കലാശിച്ചത്. എസ്എഫ്‌ഐ പ്രതിഷേധത്തെത്തുടർന്ന് പരിപാടി റദ്ദാക്കിയതായി രജിസ്ട്രാർ സംഘാടകരെ അറിയിച്ചിരുന്നു.
ഗവർണർ വേദിയിലായിരിക്കുമ്പോൾ ഹാളിലെ പരിപാടിക്കുള്ള അനുമതി റദ്ദാക്കിയ റജിസ്ട്രാറുടെ നടപടി ധിക്കാരപരമാണെന്നും ഗവർണർ പദവിയോടുള്ള അനാദരവാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു രജിസ്ട്രാറെ വിസി സസ്പെൻഡ് ചെയ്തത്. സിൻഡിക്കേറ്റ് ചേരാത്ത അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കാവുന്ന സർവകലാശാല നിയമത്തിലെ വകുപ്പ് അനുസരിച്ചായിരുന്നു വിസിയുടെ നടപടി. എന്നാൽ അത്തരം അടിയന്തര സാഹചര്യം നിലവിൽ ഇല്ലെന്നാണ് റജിസ്ട്രാറും സർക്കാരും പറയുന്നത്. സർവകലാശാലക്കു മുന്നിൽ ഗവർണർക്കും വിസിക്കുമെതിരെ ബാനർ കെട്ടിയ എസ്എഫ്ഐ, പകരം താൽക്കാലിക വിസിയായി നിയമിതയായ ഡോ.സിസ തോമസിനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് സർവകലാശാലയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.