തൃശ്ശൂർ : ഇരിങ്ങാലക്കുടയിൽ ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവും അമ്മയും അറസ്റ്റിൽ. കാരുമാത്ര സ്വദേശിനി ഫസീല (23) ആണ് മരിച്ചത്. ഭർതൃവീട്ടിലെ ടെറസിലാണ് ഫസീലയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ ഭർത്താവ് നൗഫലിനെ(29)യും അമ്മ റംലത്തിനെയുമാണ് പൊലീസ് അറസ്റ്റ് ചെയതത്. ഭർത്താവ് നാഭിയിൽ ചവിട്ടിയതിന് പോസ്റ്റുമോർട്ടത്തിൽ തെളിവ് ലഭിച്ചതായാണ് പൊലീസ് വ്യക്തമാക്കുന്നത്. ഒന്നര വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. മൂത്ത കുട്ടിക്ക് ഒരു വയസ് തികയും മുമ്പ് ഫസീല രണ്ടാമതും ഗർഭിണിയായതിന്റെ പേരിലായിരുന്നു പീഡനം. നൗഫൽ ശാരീരികയും അമ്മ റംലത്ത് മാനസികമായും ഉപദ്രവിച്ചുവെന്നാണ് കണ്ടെത്തൽ.
കാർഡ് ബോർഡ് കമ്പനി ജീവനക്കാരനാണ് നൗഫൽ. ദമ്പതികൾക്ക് ഒരു കുഞ്ഞുണ്ട്. ഫസീല രണ്ടാമതും ഗർഭിണിയായിരുന്നു. ഭർതൃപീഡനത്തെ തുടർന്നാണ് ഫസീല ജീവനൊടുക്കിയതെന്ന് ബന്ധുക്കളുടെ ആരോപണം. ഒരുപാട് നാളായി ഇയാൾ യുവതിയെ ദേഹോപദ്രവം ഏൽപ്പിച്ചിരുന്നതായും ഗർഭിണിയായിരുന്ന സമയത്ത് നൗഫൽ ഫസീലയെ ചവിട്ടിയിരുന്നുവെന്നുമാണ് ബന്ധുക്കളുടെ ആരോപണം. നൗഫൽ ക്രൂരമായി മർദ്ദിക്കുന്ന വിവരം ചൂണ്ടിക്കാട്ടി യുവതി ഉമ്മയ്ക്ക് വാട്സ്ആപ്പ് സന്ദേശം അയച്ചിരുന്നത് പുറത്തു വന്നിരുന്നു.