കൽപ്പറ്റ: വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾപ്പൊട്ടലിൽ ദുരിതമനുഭവിക്കുന്ന 49 പേരെ കൂടി പുനരധിവാസ ലിസ്റ്റിൽ ഉൾപ്പെടുത്തി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് 49പേരെ കൂടി പട്ടികയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. വയനാട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നൽകിയ അപ്പീൽ അംഗീകരിച്ചുകൊണ്ടാണ് സർക്കാർ സാങ്കേതിക പ്രശ്നങ്ങൾ കാരണം പുറത്തായ 49 പേരെ കൂടി പട്ടികയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. ഇതോടെ ഇവരും വയനാട് ടൗൺഷിപ്പിന്റെ ഭാഗമാകും.
സാങ്കേതിക പ്രശ്നങ്ങൾ കാരണം പട്ടികയിൽ പെടാതെ പോയവരെയാണ് ടൗൺഷിപ് പദ്ധതിയുടെ ഗുണഭോക്താക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതെന്ന് റവന്യു മന്ത്രി കെ. രാജൻ അറിയിച്ചു. '48 പേരെകൂടി പദ്ധതിയിലേക്ക് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് ഡിഡിഎംഎയുടെ ശുപാർശ ലഭിച്ചിരുന്നു. ഒരു കേസ് പ്രത്യേകമായും നൽകിയിരുന്നു. അങ്ങനെ 49 പേരെ കൂടി ടൗൺഷിപ് പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്' -മന്ത്രി പറഞ്ഞു.
ഗുണഭോക്താക്കളുടെ പട്ടിക നേരത്തെ വലിയ ആക്ഷേപം നേരിട്ടിരുന്നു. ദുരന്തബാധിതർ തന്നെ സർക്കാരിനെതിരെ സമരം ചെയ്യേണ്ട സാഹചര്യമുണ്ടായി. ഏറ്റവുമൊടുവിൽ 402 പേരുടെ പട്ടികയാണ് സർക്കാർ പുറത്തുവിട്ടത്. എന്നാൽ 50 മീറ്റർ പരിധിയുടെ സാങ്കേതിക പ്രശ്നം കാണിച്ച് പുഞ്ചിരിമട്ടത്തെ ഉൾപ്പെടെ നിരവധിപേർ പട്ടികക്ക് പുറത്തായി. ഇതോടെയാണ് സർക്കാരിനെതിരെ പ്രരിഷേധങ്ങൾ നടന്നത്. ജില്ലാ ഭരണകൂടം നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് പുതുതായി 49 പേരെ ഉൾപ്പെടുത്തിയത്. ഇതോടെ ടൗൺഷിപ് പദ്ധതിയുടെ ഗുണഭോക്താക്കളുടെ എണ്ണം 451 ആകും.