കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പഴയ കെട്ടിടം തകർന്നു വീണ് വീട്ടമ്മ മരിച്ച സംഭവത്തിൽ ജില്ലാ കലക്ടർ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. അപകടത്തിൽ രക്ഷാപ്രവർത്തനം വൈകിയിട്ടില്ലെന്നാണ് കലക്ടർ ജോൺ വി സാമുവൽ ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിക്കു കൈമാറിയ റിപ്പോർട്ടിൽ പറയുന്നു. കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച് മുൻപ് ഔദ്യോഗിക റിപ്പോർട്ടുകൾ ഒന്നും ഇല്ലായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.
വീഴ്ചയയുണ്ടായില്ലെന്ന കല്കടറുടെ റിപ്പോർട്ട് മംഗളപത്രമാണെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. വീഴ്ചയില്ലെങ്കിൽ എങ്ങനെയാണ് അപകടത്തിൽ ബിന്ദു മരിച്ചതെന്നും തിരുവഞ്ചൂർ ചോദിച്ചു.
ജൂലൈ മൂന്നിനാണ് രാവിലെ 11 മണിയോടെയാണ് പതിനാലാം വാർഡിലെ ശുചിമുറിയുടെ ഭാഗം തകർന്നുവീണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ചത്. വ്യാപക പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കലക്ടർക്കു സർക്കാർ നിർദേശം നൽകിയിരുന്നു. തകർന്നുവീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് രണ്ടര മണിക്കൂറിനു ശേഷമാണ് ബിന്ദുവിനെ പുറത്തെടുക്കാൻ കഴിഞ്ഞത്. രക്ഷാപ്രവർത്തനം വൈകിയെന്നും കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച് മുൻപ് തന്നെ റിപ്പോർട്ടുകൾ ലഭിച്ചുവെന്നും ആരോപണം ഉയർന്നിരുന്നു.