'സസ്പെന്‍ഷനില്‍ ഉള്ളയാള്‍ എങ്ങനെ ഫയല്‍ അയയ്ക്കും?'; തിരിച്ചയച്ച് വിസി, കേരളയില്‍ ബിജെപി അംഗങ്ങള്‍ ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: കേരള സർവകലാശാലയിൽ വൈസ് ചാൻസലർ- രജിസ്ട്രാർ തർക്കം രൂക്ഷമായി തുടരുന്നു. രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാർ ഇന്നും സർവകലാശാല ഓഫീലെത്തി. എന്നാൽ രജിസ്ട്രാർ അനിൽകുമാർ മുഖേന തനിക്ക് ഒരു ഫയലും അയക്കരുതെന്ന് വിസി മോഹൻ കുന്നുമ്മൽ ജോയിന്റ് രജിസ്ട്രാർമാർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാർ മൂന്നു ഫയലുകൾ വൈസ് ചാൻസലറുടെ പരിഗണനയ്ക്ക് അയച്ചു.


രജിസ്ട്രാർ അനിൽകുമാർ അടിയന്തര പ്രാധാന്യത്തോടെ അയച്ച മൂന്നു ഫയലുകളും വൈസ് ചാൻസലർ മോഹൻ കുന്നുമ്മൽ തിരിച്ചയച്ചു. സസ്‌പെൻഷനിലുള്ള രജിസ്ട്രാർ എങ്ങനെ തനിക്ക് ഫയൽ അയക്കുമെന്നാണ് വിസി ചോദിച്ചത്. അതേസമയം, താൻ നിയമിച്ച രജിസ്ട്രാർ ഡോ. മിനി കാപ്പൻ അയച്ച 25 ഫയലുകളും വിസി മോഹൻ കുന്നുമ്മൽ ഒപ്പിടുകയും ചെയ്തു. വിസിയുടെ സസ്‌പെൻഷൻ റദ്ദാക്കി സിൻഡിക്കേറ്റ് നിയമിച്ച രജിസ്ട്രാർ അനിൽകുമാറിനെ ഗൗനിക്കാതെയുള്ള പ്രവർത്തനമാണ് വിസി മോഹൻ കുന്നുമ്മൽ നടത്തുന്നത്.


അതിനിടെ കേരള സർവകലാശാല സിൻഡിക്കേറ്റിലെ ബിജെപി അംഗങ്ങൾ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. കേരള സർവകലാശാലയിൽ പ്രതിസന്ധിയുണ്ട്. ഉദ്യോഗസ്ഥരിൽ ആർക്കാണ് ചുമതലയെന്ന് വ്യക്തതയില്ലായ്മയുണ്ട്. സർവകലാശാലയുടെ പ്രവർത്തനം സാധാരണ നിലയിലാക്കണം. സർവകലാശാലയിൽ സുരക്ഷയൊരുക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടു. അതിനാൽ സർവകലാശാലയ്ക്ക് കേന്ദ്രസേനയുടെ സുരക്ഷ വേണം.


അനധികൃതമായി സസ്‌പെൻഷനിലുള്ള രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാർ ഓഫീസിൽ ഇരിക്കുന്നു. അദ്ദേഹം പല ഫയലുകളും കടത്തിക്കൊണ്ടു പോകാൻ സാധ്യതയുണ്ട്. അതുകൊണ്ട് കൃത്യമായ സുരക്ഷ ഉറപ്പാക്കാനും, സർവകലാശാല പ്രവർത്തനം സുഗമമാക്കാനും ആവശ്യപ്പെട്ട് സിൻഡിക്കേറ്റിലെ ബിജെപി അംഗങ്ങൾ ഇന്നുതന്നെ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് റിപ്പോർട്ട്. കേരള സർവകലാശാലയിലേക്ക് കഴിഞ്ഞദിവസവും ഡിവൈഎഫ്ഐ, എഐഎസ്എഫ് പ്രസ്ഥാനങ്ങൾ നടത്തിയ പ്രതിഷേധ പ്രകടനം സംഘർഷാവസ്ഥയിലെത്തിയിരുന്നു. ഡിവൈഎഫ്ഐ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് മൂന്നു തവണ ജലപീരങ്കി പ്രയോ​ഗിക്കുകയും ചെയ്തിരുന്നു

Previous Post Next Post