'75 വയസ്സ് തികഞ്ഞാല്‍ വഴി മാറണം'; നേതാക്കള്‍ വിരമിക്കണമെന്ന് മോഹന്‍ ഭാഗവത്; മോദിയെ ലക്ഷ്യമിട്ടെന്ന് പ്രതിപക്ഷം

ന്യൂഡൽഹി: നേതാക്കൾ 75 വയസ്സായാൽ വിരമിക്കണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. രാഷ്ട്രീയനേതാക്കൾ 75 വയസ് കഴിഞ്ഞാൽ സന്തോഷത്തോടെ വഴിമാറണം. മറ്റുള്ളവർക്ക് അവസരം നൽകണമെന്നും മോഹൻ ഭാഗവത് പറഞ്ഞു. നാഗ്പൂരിൽ അന്തരിച്ച ആർഎസ്എസ് സൈദ്ധാന്തികൻ മോറോപന്ത് പിംഗ്ലെയുടെ പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുമ്പോഴായിരുന്നു പ്രായപരിധി സംബന്ധിച്ച മോഹൻ ഭാഗവതിന്റെ പരാമർശം.


75 വയസ്സ് തികയുമ്പോൾ നിങ്ങളെ ഷാൾ നൽകി ആദരിക്കുകയാണെങ്കിൽ, അതിനർത്ഥം നിങ്ങൾക്ക് വയസ്സായി, മാറിക്കൊടുത്ത് മറ്റുള്ളവർക്ക് വഴിയൊരുക്കുക എന്ന് മോറോപന്ത് പിംഗ്ലെ പറഞ്ഞത് മോഹൻ ഭാഗവത് ഓർമ്മപ്പെടുത്തി. രാഷ്ട്രസേവനത്തോടുള്ള സമർപ്പണം ഉണ്ടായിരുന്നിട്ടും, പ്രായമായി എന്ന് തിരിച്ചറിഞ്ഞ് മാന്യമായി പിന്മാറണമെന്നതിൽ മൊറോപാന്ത് വിശ്വസിച്ചിരുന്നുവെന്ന് ആർഎസ്എസ് മേധാവി കൂട്ടിച്ചേർത്തു.


പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മോഹൻ ഭാഗവതിനും ഈ സെപ്റ്റംബറിൽ 75 വയസ്സ് തികയുകയാണ്. ഈ സാഹചര്യത്തിൽ ആർഎസ്എസ് മേധാവിയുടെ പരാമർശം നരേന്ദ്രമോദിക്കുള്ള സന്ദേശം ആണെന്നാണ് പ്രതിപക്ഷ നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. എൽ കെ അഡ്വാനി, മുരളി മനോഹർ ജോഷി, ജസ്വന്ത് സിങ് തുടങ്ങിയ നേതാക്കളെയെല്ലാം 75 വയസ് തികഞ്ഞപ്പോൾ മോദി വിരമിക്കാൻ നിർബന്ധിച്ചു. ഇപ്പോൾ നരേന്ദ്രമോദി അതേ നിയമം തനിക്കും ബാധകമാക്കുമോ എന്ന് കണ്ടറിയാമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.


ബിജെപിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വിയും രംഗത്തെത്തി. പ്രവൃത്തിപഥത്തിൽ കാണിക്കാതെ വാചകമടിക്കുന്നത് എപ്പോഴും അപകടമാണ്. മാർഗദർശക് മണ്ഡലിന്റെ പേരിൽ 75 വയസ് കഴിഞ്ഞവരെ നിർബന്ധിതമായി മാറ്റിനിർത്തുന്നത് ഒട്ടും അനുയോജ്യമല്ല. പക്ഷെ നിലവിലെ സംവിധാനത്തിന് ഈ നിയമം ബാധകമാകില്ലായിരിക്കും. പറയാതെ ചെയ്തുകാണിക്കുകയാണ് വേണ്ടത്. നിലവിലെ ഭരണകർത്താക്കൾ ഇതിൽപ്പെടുമോയെന്നും കോൺഗ്രസ് നേതാവ് അഭിഷേക് സിങ്‌വി ചോദിച്ചു. സെപ്റ്റംബർ 17 നാണ് നരേന്ദ്രമോദിക്ക് 75 വയസ്സ് തികയുന്നത്.

Previous Post Next Post