​ഗോവ ​ഗവർ‌ണർ സ്ഥാനത്ത് നിന്ന് പിഎസ് ശ്രീധരൻപിള്ളയെ മാറ്റി

പനാജി: ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് അഡ്വ. പിഎസ് ശ്രീധരൻപിള്ളയെ മാറ്റി. അശോക് ഗജപതി രാജുവാണ് പുതിയ ഗോവൻ ഗവർണർ. മുൻ വ്യോമായന മന്ത്രിയാണ് അശോക് ഗജപതി രാജു.


ഗോവയെ കൂടാതെ ഹരിയാനയിലും ലഡാക്കിലും പുതിയ ഗവർണർമാരെ നിയമിച്ചു. അഷിം കുമാർ ഗോഷാണ് ഹരിയാന ഗവർണർ, കവീന്ദർ ഗുപ്തയാണ് ലഡാക്ക് ലഫ്റ്റന്റ് ഗവർണർ. പിഎസ് ശ്രീധരൻപിള്ളക്ക് പുതിയ ചുമതലയില്ല.


ലഡാക്ക് കേന്ദ്രഭരണ പ്രദേശത്തിന്റെ ലഫ്റ്റനന്റ് ഗവർണർ ബി.ഡി. മിശ്ര രാജിവച്ചതിനെ തുടർന്നാണ് പുതിയ ഗവർണറെ നിയമിച്ചത്.


2019 മുതൽ 2021 വരെ മിസോറാം ഗവർണറായിരുന്ന പിഎസ് ശ്രീധരൻപിള്ള പിന്നീട് ഗോവയുടെ ഗവർണറായി നിയമിക്കപ്പെട്ടു. മിസോറാം ഗവർണർ എന്ന നിലയിൽ അദ്ദേഹം കാലാവധി പൂർത്തിയാക്കിയിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ്, ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് തുടങ്ങി വിവിധ സംഘടനാ ചുമതലകളും ശ്രീധരൻപിള്ള നിർവഹിച്ചിരുന്നു. നൂറോളം പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.

Previous Post Next Post