പണിമുടക്കുമായി സഹകരിക്കണമെന്ന് എല്ലാവരോടും ആവശ്യപ്പെട്ടിരുന്നു. ആയിരത്തോളം കടകളുള്ള മുക്കം അങ്ങാടിയില്‍ രണ്ടോ മൂന്നോ കടകള്‍ ഒഴികെ ബാക്കിയെല്ലാം പൂട്ടിയിരുന്നു. ഈ ഒരു മത്സ്യക്കട മാത്രമാണ് തുറന്നു പ്രവര്‍ത്തിച്ചത്. ഇത് അടയ്ക്കാന്‍ പലതവണ അഭ്യര്‍ഥിച്ചിട്ടും അവര്‍ തയ്യാറായില്ല. വന്‍തോതില്‍ ലാഭം ഉണ്ടാക്കാന്‍ വേണ്ടി ഒരാള്‍ മാത്രം പഴയ സാധനങ്ങളെല്ലാം വിറ്റഴിക്കുകയാണെന്ന് മറ്റ് കച്ചവടക്കാരും വിളിച്ചു പറഞ്ഞു. ഒരാള്‍ക്ക് മാത്രം സൗകര്യം ചെയ്തുകൊടുക്കുന്നത് ശരിയാണോയെന്നും അടുത്ത പണിമുടക്കില്‍ സഹകരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് മറ്റ് വ്യാപാരികള്‍ പറഞ്ഞതോടെയാണ് കടപൂട്ടാന്‍ ആവശ്യപ്പെട്ടത്.
പല തവണ അഭ്യര്‍ഥിച്ചിട്ടും കച്ചവടക്കാര്‍ കേള്‍ക്കാന്‍ തയ്യാറായില്ല. പണിമുടക്ക് പൊളിക്കാന്‍ സന്നദ്ധമായപ്പോഴാണ് കടക്കാരോട് ശക്തമായി പറയേണ്ടിവന്നത്. കത്തിക്കുമെന്നൊന്നും ആരും പറഞ്ഞിട്ടില്ല. കടയടയ്ക്കാനുള്ള അഭ്യര്‍ഥന മാനിക്കാതെ വന്നപ്പോള്‍ അല്‍പം രൂക്ഷമായി പറയേണ്ടി വന്നിട്ടുണ്ട്. പണിമുടക്കുന്നവരെ പ്രകോപിപ്പിച്ച് വെല്ലുവിളി നടത്തിയപ്പോഴാണ് കടക്കാരനോട് ശക്തമായി പറയേണ്ടിവന്നതെന്നും ഇതിനെ മാധ്യമങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുയാണെന്നും വിശ്വനാഥന്‍ പറഞ്ഞു.
സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സിഐടിയു സംസ്ഥാന കമ്മിറ്റിയംഗവുമായ ടി വിശ്വനാഥന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് വില്‍പന നിര്‍ത്തിയില്ലെങ്കില്‍ മീനില്‍ മണ്ണെണ്ണ ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. മണ്ണെണ്ണ കയ്യിലുണ്ട് ഒഴിക്കാന്‍ മടിക്കില്ലെന്ന ഭീഷണി കൂടി ഉയര്‍ന്നതോടെ വ്യാപാരി മീനുകള്‍ തട്ടില്‍ നിന്ന് എടുത്തുമാറ്റുകയായിരുന്നു.
'ഈ നാട് മുഴുവന്‍ ഇന്ന് സമരത്തില്‍ പങ്കെടുക്കുമ്പോള്‍ നിങ്ങള്‍ മാത്രം ലാഭം ഉണ്ടാക്കാന്‍ ഇറങ്ങിയിരിക്കുകയാണോ?. സാധനം എടുത്തുവച്ചോ?. ഇല്ലെങ്കില്‍ ഇപ്പോ മണ്ണെണ്ണ ഒഴിക്കും. നിനക്ക് മാത്രം എന്താണ് ഇത്ര പ്രത്യേകത?. നീ മാത്രം ഒരു പോക്കിരി. തൊഴിലാളികള്‍ക്ക് വേണ്ടിയാണ് ഈ സമരം. നിന്നെപ്പോലത്തെ ചെറ്റകള്‍ കരിങ്കാലി പണിയെടുക്കുകയാണോ?. തിരിച്ചുവരുമ്പോഴെക്കും കട പൂട്ടിയില്ലെങ്കില്‍ മേശമേല്‍ ഒന്നും കാണില്ല' എന്നായിരുന്നു സിപിഎം നേതാവിന്റെ ഭീഷണി.