കടമ്മനിട്ട സ്‌കൂൾ വളപ്പിലെ പഴയ കെട്ടിടം തകർന്നു വീണു

 


പത്തനംതിട്ട: കടമ്മനിട്ട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ കെട്ടിടം തകർന്നു വീണു. സ്‌കൂൾ വളപ്പിലെ പഴയ കെട്ടിട ഭാഗങ്ങളാണ് തകർന്നുവീണത്. ഇന്നലെ രാത്രിയാണ് സംഭവം. രണ്ടു വർഷമായി ഈ കെട്ടിട ഭാഗങ്ങൾ ഉപയോഗിച്ചിരുന്നില്ല.



പൊളിച്ചു മാറ്റാൻ തീരുമാനിച്ചിരുന്ന കെട്ടിടമാണ് തകർന്നു വീണതെന്ന് അധികൃതർ സൂചിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി പ്രദേശത്ത് നല്ല മഴയുണ്ടായിരുന്നു. രാവിലെ സ്‌കൂൾ അധികൃതർ എത്തിയപ്പോഴാണ് പഴയ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നതായി കണ്ടെത്തിയത്.


മേൽക്കൂരയും മൺകട്ടകൾകൊണ്ടു നിർമിച്ച ഭിത്തിയും അടക്കമുള്ള ഭാഗങ്ങളാണ് തകർന്നു വീണത്. 80 വർഷത്തിനടുത്ത് പഴക്കമുള്ള കെട്ടിടമാണ് തകർന്നതെന്ന് അധ്യാപകർ പറഞ്ഞു. സ്‌കൂൾ ഗ്രൗണ്ടിനോടു ചേർന്ന കെട്ടിടത്തിന് സമീപം കുട്ടികൾ വിശ്രമിക്കാൻ ഇരിക്കാറുണ്ടായിരുന്നു. കെട്ടിടം ഇടിഞ്ഞുവീണത് രാത്രിയായതിനാൽ വലിയ അപകടം ഒഴിവായി.

Previous Post Next Post