കൊച്ചി: യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന് കൊച്ചിയിൽ ചേരും. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് ശേഷം ചേരുന്ന ആദ്യ യോഗമാണിത്. ഉപതെരഞ്ഞെടുപ്പ് ഫലം വിലയിരുത്തലും, വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുമാണ് യോഗത്തിന്റെ പ്രധാന അജണ്ട.
രാവിലെ പത്ത് മണിക്കാണ് യോഗം. മുന്നണി വിപുലീകരണം അടക്കമുള്ള കാര്യങ്ങളിൽ പ്രാഥമിക ചർച്ചയും ഇന്നത്തെ യോഗത്തിൽ നടന്നേക്കും. സംസ്ഥാന സർക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കൽ, ഗവർണർ സർക്കാർ പോരിലെ നിലപാട് രൂപീകരണം തുടങ്ങി വിവിധ വിഷയങ്ങളും ചർച്ചയാകും.
പി വി അൻവറിന്റെ യുഡിഫ് പ്രവേശനം തത്കാലം ചർച്ച ചെയ്യേണ്ടതില്ല എന്നാണ് മുന്നണിയിലെ ഏകദേശ ധാരണ. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിനുള്ളിൽ ഉണ്ടാകേണ്ട ധാരണകളാകും പ്രധാനമായും ചർച്ചയാകുക എന്നാണ് റിപ്പോർട്ട്.