തിരുവനന്തപുരത്ത് കുടുങ്ങിയ ബ്രിട്ടീഷ് വിമാനം കെട്ടിവലിച്ചു നീക്കി, തകരാര്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ പൊളിച്ചെടുക്കും

തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം എഫ് 35 ബി അറ്റകുറ്റപ്പണിക്കായി കെട്ടിവലിച്ചു നീക്കി.

വിദഗ്ധരെത്തിയതിന് പിന്നാലെ ചെറുവാഹനം ഉപയോഗിച്ച്‌ കെട്ടിവലിച്ചാണ് പോര്‍വിമാനത്തെ എയര്‍ ഇന്ത്യയുടെ ഹാങ്ങറിലേക്ക് എത്തിച്ചത്.

പ്രത്യേക വിമാനത്തിലെത്തിച്ച ഉപകരണങ്ങള്‍ ഉപയോഗിച്ചായിരുന്നു ഹാങ്ങറിലേക്കുള്ള മാറ്റം. വിമാന നിര്‍മാണക്കമ്ബനിയായ ലോക്ക്ഹീഡ് മാര്‍ട്ടിന്‍ പരിശീലിപ്പിച്ച എന്‍ജിനീയര്‍മാര്‍ക്ക് മാത്രമേ അറ്റകുറ്റപ്പണിക്ക് സാധിക്കൂ. അറ്റകുറ്റപ്പണിയുടെ ഓരോ ഘട്ടവും ബ്രിട്ടീഷ് സൈന്യത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തിലുമായിരിക്കും. എഫ് 35 ബിയുടെ തകരാര്‍ പരിഹരിച്ച്‌ മടക്കിക്കൊണ്ടുപോകാനാണ് വിദഗ്ധസംഘത്തിന്റെ ശ്രമം. ദൗത്യം പരാജയപ്പെടുന്ന പക്ഷം വിമാനത്തിന്റെ ചിറകുകള്‍ മാറ്റിയും പൊളിച്ചും ചരക്കുവിമാനത്തില്‍ ലണ്ടനിലെത്തിക്കുമെന്നാണ് വിവരം. 11 മീറ്റര്‍ ചിറകുവിസ്താരവും 14 മീറ്റര്‍ നീളവുമാണ് ബ്രിട്ടീഷ് യുദ്ധവിമാനത്തിനുള്ളത്. ആവശ്യമെങ്കില്‍ ഇതിനായി സൈനികവിമാനങ്ങള്‍ വഹിക്കുന്ന ബ്രിട്ടീഷ് വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനം തിരുവനന്തപുരത്തെത്തിക്കും.
വിമാനത്തിന്റെ അറ്റകുറ്റപ്പണിക്ക് വിദഗ്ധ സംഘവുമായി ഇന്നലെ ഉച്ചക്ക് 12.30ഓടെയാണ് ബ്രിട്ടനില്‍നിന്നുള്ള പതിനേഴംഗ സംഘം എത്തിയത്. ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്‌സിന്റെ 'അറ്റ്‌ലസ് എ 400 എം' സൈനിക വിമാനമാനത്തിലാണ് സംഘമെത്തിയത്. ബ്രിട്ടീഷ് എയര്‍ഫോഴ്‌സിലെ എന്‍ജിനീയര്‍മാരും വിമാനം നിര്‍മിച്ച ലോക്ക്ഹീഡ് മാര്‍ട്ടിന്‍ കമ്ബനിയുടെ വിദഗ്ധരുമാണ് സംഘത്തിലുള്ളത്. അറ്റകുറ്റപ്പണിക്കുള്ള യന്ത്രങ്ങളും വിമാനത്തിലുണ്ടായിരുന്നു. ബ്രിട്ടീഷ് സംഘം ഒരാഴ്ചയോളം കേരളത്തില്‍ തുടരുമെന്നാണ് സൂചന. എന്‍ജിനീയര്‍മാരെ എത്തിച്ച വിമാനം ഞായറാഴ്ച വൈകീട്ട് അഞ്ചോടെ തന്നെ മടങ്ങിയിരുന്നു.
Previous Post Next Post