കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ ധനസഹായമായി നൽകുമെന്ന് എംഎൽഎ ചാണ്ടി ഉമ്മൻ. പത്ത് ദിവസത്തിനകം തുക കുടുംബത്തിന് കൈമാറുമെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ഇതിലേക്കായി ബഹ്‌റൈൻ ഒഐസിസി നാല് ലക്ഷം രൂപയും, കോട്ടയം ജില്ലാ മഹിള കമ്മിറ്റി ഒരു ലക്ഷം രൂപയും ഉമ്മൻചാണ്ടി ഫൗണ്ടേഷന് കൈമാറുമെന്ന് അറിയിച്ചതായും ചാണ്ടി ഉമ്മൻ പറഞ്ഞു.
വേണമെന്ന് വച്ചാൽ എല്ലാം നടക്കും. വേണ്ടെന്ന് വച്ചാൽ ഒന്നും നടക്കില്ലെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, അപകടത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബത്തിനു ധനസഹായം നൽകുമെന്ന് മന്ത്രി വിഎൻ വാസവൻ അറിയിച്ചു സംസ്‌കാര ചടങ്ങിനുള്ള ചെലവിനായി 50,000 രൂപ ഇന്നു നൽകും. ബാക്കി ധനസഹായം പിന്നാലെ നൽകും. ഇന്നലെ മൂന്നു തവണ വീട്ടുകാരെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. വീട്ടിൽ ആരുമില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. അതിനാലാണ് വീട്ടിലേക്ക് പോകാതിരുന്നത്. ഇന്ന് വൈകിട്ടു തന്നെ വീട്ടിലേക്ക് പോകുമെന്നും വാസവൻ പറഞ്ഞു.
ഇന്നലെ വിവരം അറിഞ്ഞപ്പോൾ തന്നെ അവിടെയെത്തിയിരുന്നു. ഉദ്യോഗസ്ഥർ പറഞ്ഞതാണ് മാധ്യമങ്ങളോട് പറഞ്ഞത്. പുരയ്ക്ക് തീപിടിക്കുമ്പോൾ വാഴവെട്ടുകയാണ് ചിലർ. ഞങ്ങളുടെ കൂടെയുള്ള സഹപ്രവർത്തകർ ബിന്ദുവിന്റെ വീട്ടുകാരുമായി സംസാരിച്ചിരുന്നു. അവിടെ പ്രക്ഷോഭക്കാർ ഉണ്ടായിരുന്നു. വെറുതെ ചാനലുകാരെ കൂട്ടി ഷോ ഉണ്ടാക്കുകയായിരുന്നു പ്രക്ഷോഭകാരികളുടെ ലക്ഷ്യം. കുട്ടിയുടെ ചികിത്സ ഉറപ്പാക്കണം, ധനസഹായം നൽകണം, ഭാവി സംബന്ധമായ സുരക്ഷിതത്വം എന്നീ മൂന്നു കാര്യങ്ങളിൽ വീട്ടുകാരുമായി ആശയവിനിമയം നടത്തിയെന്നും വാസവൻ പറഞ്ഞു.
ഇന്നലെ തിരച്ചിൽ നിർത്തിവച്ചു എന്നൊക്കെയുള്ളത് രാഷ്ട്രീയ ആരോപണങ്ങൾ മാത്രമാണ്. ഹിറ്റാച്ചി കൊണ്ടുവരണമെന്ന് താനാണ് പറഞ്ഞത്. മറ്റ് രൂപങ്ങളിലേക്ക് വ്യാഖ്യാനിക്കുന്നത് ശരിയല്ല. യന്ത്രം അകത്തേക്ക് കൊണ്ടു പോകാൻ അൽപം പ്രയാസം നേരിട്ടു. കോട്ടയം മെഡിക്കൽ കോളജ് ഇന്ത്യയിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന ആശുപത്രിയാണ്. ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു ഉണ്ടായത് കോട്ടയം മെഡിക്കൽ കോളജിലാണ്. മെഡിക്കൽ കോളജിനെ ആകെ ആക്ഷേപിച്ച് അതിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ഗുണകരമല്ല. യുഡിഎഫ് സർക്കാരിന്റെ കാലത്താണ് കെട്ടിടം അപകടാവസ്ഥയിൽ എന്ന റിപ്പോർട്ട് വന്നത്. യുഡിഎഫ് സർക്കാർ ഒന്നും ചെയ്തില്ലെന്നും വാസവൻ പറഞ്ഞു.