നടുവേദനയ്ക്കുള്ള താക്കോൽദ്വാര ശസ്ത്രക്രിയയെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ആരോപണവുമായി സഹോദരൻ

കൊച്ചി: നടുവേദനയ്ക്കുള്ള താക്കോൽദ്വാര ശസ്ത്രക്രിയയെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ആരോപണവുമായി സഹോദരൻ. ചോറ്റാനിക്കര പഞ്ചായത്തിലെ കടുങ്ങമംഗലത്ത് ഞാളിയത്ത് വീട്ടിൽ ബിജു തോമസ് (54) ആണ് തിങ്കളാഴ്ച മരിച്ചത്. ആലുവ രാജഗിരി ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലമാണ് തന്റെ സഹോദരൻ മരിച്ചതെന്നാണ് ബിനു തോമസിന്റെ ആരോപണം.


വീട്ടിൽ ഒരു ചെറിയ കാറ്ററിംഗ് യൂണിറ്റ് നടത്തിയിരുന്ന ബിജു നടുവേദനയെ തുടർന്നാണ് ചികിത്സ തേടിയത്. കുടുബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎൻഎസ്എസ്) പ്രകാരം എടത്തല പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 'ഒന്നിലധികം ശസ്ത്രക്രിയകൾക്ക് ശേഷം ആശുപത്രിയുടെ അശ്രദ്ധ മൂലമാണ് എന്റെ സഹോദരൻ മരിച്ചത്,'-ബിനു തോമസ് പറഞ്ഞു.


പത്ത് ദിവസം മുൻപാണ് ബിജുവിന് ആദ്യം നടുവേദന അനുഭവപ്പെട്ടതെന്നും എറണാകുളത്തെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ഒരു ഡോക്ടറെ കണ്ടതായും അദ്ദേഹം പറഞ്ഞു. സിടി സ്‌കാൻ നടത്തിയപ്പോൾ നട്ടെല്ല് ഡിസ്‌കുകൾക്കിടയിൽ ഞരമ്പ് കയറിയതായി കണ്ടെത്തിയിരുന്നു. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയെ സമീപിക്കുകയും ജൂൺ 25 ന് ഒരു ന്യൂറോ സർജന്റെ മേൽനോട്ടത്തിൽ ചികിത്സ നടത്തുകയും ചെയ്തു. അദ്ദേഹമാണ് ശസ്ത്രക്രിയ നിർദ്ദേശിച്ചത്. ജൂൺ 27നായിരുന്നു ശസ്ത്രക്രിയ എന്നും ബിനു പറഞ്ഞു.


'അന്ന് രാത്രിയിൽ, മുറിയിലേക്ക് മാറ്റിയപ്പോൾ, അദ്ദേഹത്തിന് കഠിനമായ വയറുവേദന അനുഭവപ്പെട്ടു, വയറു വീർത്തതായി തോന്നി. ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റ് അത് ഗ്യാസ് പ്രശ്നമാണെന്ന് കണ്ടെത്തി മരുന്നുകൾ നിർദ്ദേശിച്ചു. എന്നാൽ അദ്ദേഹത്തിന്റെ നില വഷളായി, രക്തസമ്മർദ്ദം കുറഞ്ഞു, അദ്ദേഹത്തെ ഐസിയുവിലേക്ക് കൊണ്ടുപോയി,'- ബിനു പറഞ്ഞു.


പിന്നീട് നടത്തിയ സ്‌കാനിംഗിൽ ആന്തരിക രക്തസ്രാവം കണ്ടെത്തി. ഇതിന് പിന്നാലെ വയറിൽ നിന്ന് രക്തം നീക്കം ചെയ്യുന്നതിനായി രണ്ടാമത്തെ ശസ്ത്രക്രിയ നടത്തി. ഇതിനുശേഷം ബിജുവിന് ബോധം തിരിച്ചുകിട്ടിയില്ല എന്നും ആശുപത്രി ജീവനക്കാരുടെ അശ്രദ്ധയാണ് ഇതിന് കാരണമെന്നും ബിനു ആരോപിച്ചു. ബിജുവിന്റെ മരണവുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തോടും സഹകരിക്കുമെന്ന് ആലുവയിലെ രാജഗിരി ആശുപത്രി പ്രസ്താവനയിൽ വ്യക്തമാക്കി.


ബിജുവിനെ ശസ്ത്രക്രിയയ്ക്ക് ശേഷം രണ്ടു മണിക്കൂർ നിരീക്ഷിച്ചു. യാതൊരു പ്രശ്‌നങ്ങളുമില്ല എന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് മുറിയിലേക്ക് മാറ്റിയത്. രോഗി രാത്രി ചെറിയ അസ്വസ്ഥതകൾ പ്രകടിപ്പിച്ചു. തുടർന്ന് വിദഗ്ധ പരിശോധന നടത്തുകയും സ്‌കാനിങ്ങിന് വിധേയനാക്കുകയും ചെയ്തു. പരിശോധനയിൽ ബോധ്യമായ കാര്യങ്ങൾ പരിഹരിക്കുന്നതിന് തുടർ ചികിത്സകളും നൽകിയതായും ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. സണ്ണി പി ഓരത്തേൽ വ്യക്തമാക്കി.


രോഗിയുടെ ജീവൻ രക്ഷിക്കുന്നതിന് സാധ്യമായതെല്ലാം വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ നൽകിയിട്ടുണ്ടെന്നും ആശുപത്രി പറയുന്നു. ബിജുവിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നെന്നും മരണകാരണം വ്യക്തമാകുന്നതിനായി പോസ്റ്റ്‌മോർട്ടം വേണമെന്ന ആവശ്യം തങ്ങൾ തന്നെയാണ് രോഗിയുടെ ബന്ധുക്കളോടും പൊലീസിനോടും ആവശ്യപ്പെട്ടതെന്നും ആശുപത്രി അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി.


Previous Post Next Post