തിരുവനന്തപുരം: കൊല്ലം തേവലക്കരയിൽ വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്‌കൂൾ പ്രധാനാധ്യാപികയ്ക്ക് സസ്‌പെൻഷൻ. ഉടൻ സസ്‌പെന്റ് ചെയ്യാൻ മാനേജ്‌മെന്റിന് നിർദേശം നൽകിയിട്ടുണ്ട്. മാനേജ്‌മെന്റ് ചെയ്തില്ലെങ്കിൽ സർക്കാർ സസ്‌പെന്റ് ചെയ്യുമെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കുട്ടി മരിക്കാനിടയായ സംഭവത്തിൽ സ്‌കൂൾ മാനേജ്‌മെന്റിനോട് വിശദീകരണം തേടിയിട്ടുണ്ട്. ഇതിന് മൂന്നു ദിവസത്തിനകം മാനേജ്‌മെന്റ് മറുപടി നൽകണമെന്നും മന്ത്രി നിർദേശിച്ചു. മാനേജ്‌മെന്റിനെതിരെ നടപടിയെടുക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.
മരിച്ച മിഥുന്റെ കുടുംബത്തിന് ധനസഹായം നൽകണമെന്നും മാനേജ്‌മെന്റിനോട് സർക്കാർ ആവശ്യപ്പെട്ടു. പിടിഎ പുനഃസംഘടിപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. അധ്യയനവർഷം ആരംഭിക്കുന്നതിനു മുമ്പ് ഇത്തരത്തിലുള്ള കാര്യങ്ങളെല്ലാം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങൾക്കും സർക്കാർ സർക്കുലർ നൽകിയിരുന്നതാണ്. എന്നാൽ കുട്ടി മരിക്കാനിടയായ വീഴ്ചയുണ്ടായ സംഭവത്തിൽ സ്‌കൂളിന്റെ ചുമതലയുണ്ടായിരുന്ന എഇഒ ആന്റണി പീറ്ററിനോട് വിശദീകരണം തേടും. ഇതിനുശേഷം നടപടി തീരുമാനിക്കുമെന്ന് മന്ത്രി അറിയിച്ചു.
മിഥുന്റെ കുടുംബത്തിന് അടിയന്തര സഹായമായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പിഡി അക്കൗണ്ടിൽ നിന്നും മൂന്നുലക്ഷം രൂപ നൽകും. കൂടുതൽ ധനസഹായം നൽകുന്നത് ഡൽഹിയിലുള്ള മുഖ്യമന്ത്രി എത്തിയശേഷം ആലോചിച്ച് മുന്തിയ പരിഗണനയോടെ തീരുമാനമെടുക്കുന്നതാണ്. മിഥുന് സ്വന്തമായി വീടില്ല. വളരെ പാവപ്പെട്ട കുടുംബമാണ്. അതിനാൽ മിഥുന്റെ കുടുംബത്തിന് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സിന്റെ നേതൃത്വത്തിൽ വീടുവെച്ചു നൽകും. മിഥുന്റെ അനുജന് 12-ാം ക്ലാസ് വരെ പരീക്ഷാഫീസ് ഇളവ് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
ഈ നടപടികളൊന്നും കുഞ്ഞിന്റെ ജീവനേക്കാൾ വലുതല്ലെന്ന് സർക്കാരിന് അറിയാം. വിദ്യാഭ്യാസ വകുപ്പിന് ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യും. നഷ്ടമായത് കേരളത്തിന്റെ മകനാണെന്നും മന്ത്രി പറഞ്ഞു. സംഭവത്തെപ്പറ്റി പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ വിശദമായ റിപ്പോർട്ട് നൽകിയിരുന്നു. ഇതേപ്പറ്റി വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, ഡയറക്ടർ തുടങ്ങിയവരുമായി ചർച്ച ചെയ്തശേഷമാണ് നടപടി തീരുമാനിച്ചത്. സ്‌കൂൾ തുറക്കുന്നതിന് മുമ്പ്, ഫിറ്റ്‌നസ് ഉറപ്പാക്കാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിശദമായ സർക്കുലറാണ് നൽകിയത്. ഇത് വെറുതെ കയ്യിൽപ്പിടിച്ച് നടക്കാനല്ല നൽകിയത്. എന്തു ചെയ്താലും ശമ്പളം ലഭിക്കുമെന്ന ചിലരുടെ സമീപനം വെച്ചു പൊറുപ്പിക്കാനാവില്ലെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.