കൊച്ചി: യുഡിഎഫിനെ നല്ല ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സാധിച്ചില്ലെങ്കിൽ താൻ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വെള്ളാപ്പള്ളി നടേശൻ എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനത്ത് ആജീവനാന്തം ഇരുന്നോട്ടെ. അദ്ദേഹവുമായി ഒരു മത്സരത്തിനില്ലെന്നും സതീശൻ പറഞ്ഞു അദ്ദേഹം പറഞ്ഞത് വെല്ലുവിളിയായി ഏറ്റെടുക്കുകയാണെങ്കിൽ അദ്ദേഹം ഒഴിയണമെന്ന് പറയുകയല്ലേ വേണ്ടതെന്നും സതീശൻ ചോദിച്ചു. ഈ തകർച്ചയിൽ നിന്ന് കേരളത്തെ രക്ഷിച്ച് കേരളത്തിൽ യുഡിഎഫിനെ അധികാരത്തിലെത്തിച്ചില്ലെങ്കിൽ വെള്ളാപ്പള്ളി പറഞ്ഞ രാഷ്ട്രീയ വനവാസം ഏറ്റെടുക്കുമെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
'ആർക്കുവേണ്ടിയാണ് അദ്ദേഹം സംസാരിക്കുന്നതെന്ന് അറിയില്ല. യുഡിഎഫിന് 98 സീറ്റ് കിട്ടിയാൽ രാജിവെക്കുമെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. 97 സീറ്റ് വരെ എന്നതിൽ അദ്ദേഹത്തിന് യാതൊരു സംശയവുമില്ല. അദ്ദേഹത്തെ പോലെ പരിണതപ്രജ്ഞനായ ഒരു സമുദായ നേതാവ്, സംസ്ഥാന രാഷ്ട്രീയം നന്നായി നിരീക്ഷിക്കുന്ന ഒരാൾ യുഡിഎഫിന് 97 സീറ്റ് വരെ കിട്ടുമെന്ന് പറഞ്ഞിട്ടുണ്ട്. പിന്നെ ഒരു നാലഞ്ച് സീറ്റ്, നൂറ് കവിഞ്ഞുപോകാനുള്ള കാര്യം, അത് ഞങ്ങൾ കഠിനാധ്വാനം ചെയ്ത് നൂറിലധികം സീറ്റാക്കും'. സതീശൻ കൂട്ടിച്ചേർത്തു.
'ആര് വർഗീയ വിദ്വേഷം പ്രചരിപ്പിച്ചാലും അതിനെ എതിർക്കും. എന്നെ കുറിച്ച് ഉപയോഗിച്ച അതേഭാഷയിൽ എങ്ങനെ മറുപടി പറയാനാവും. ഞാൻ ഒരു സ്ഥാനത്ത് ഇരിക്കുന്ന ആളാണ്. ആ കസേരയിൽ ഇരുന്ന് അത്തരം വാക്കുകൾക്ക് മറുപടി പറയാനാവില്ല. 90 വയസിനോട് അടുത്ത ആളാണ് അങ്ങനെ പറഞ്ഞത്. അതിനെതിരെ മോശമായി പറയരുതെന്ന ഔചിത്യം ഞാൻ കാണിക്കണം' സതീശൻ പറഞ്ഞു
വൈദികരും കന്യാസ്ത്രീകളും നിരന്തരം പീഡിപ്പിക്കപ്പെടുകയാണെന്നും സതീശൻ പറഞ്ഞു. രാജ്യത്തുടനീളം, പ്രത്യേകിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുകയാണ്, കുടുംബാംഗങ്ങൾ വലിയ ഉത്കണ്ഠയിലാണ്. വൈദികരും കന്യാസ്ത്രീകളും പീഡിപ്പിക്കപ്പെടുകയാണ്. സഭാവസ്ത്രം ധരിച്ച് പോലും യാത്ര ചെയ്യാൻ പോലും പറ്റാത്ത അവസ്ഥയാണ്. രാജ്യത്തുടനീളം ഇത്തരം കാര്യങ്ങൾ നടക്കുമ്പോൾ ഇതേ ആളുകൾ ക്രൈസ്തവ വീടുകളിൽ കേക്കുകമായി ആട്ടിൻ തോലിട്ട ചെന്നായ്ക്കളെ പോലെ വരികയാണ്. ആളുകളെ തമ്മിൽ ഭിന്നിപ്പിച്ച് അതിൽ നിന്ന് മുതലെടുക്കാൻ നോക്കുകയാണെന്നും സതീശൻ പറഞ്ഞു. ഛത്തീസ്ഗഢിൽ അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകളിലൊരാളുടെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.