തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഉപകരണങ്ങളുടെ ക്ഷാമത്തെത്തുടർന്നുള്ള ചികിത്സാ പ്രതിസന്ധിക്ക് പരിഹാരം. ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങൾ ആശുപത്രിയിൽ എത്തിച്ചു. ഇതേത്തുടർന്ന് ഉപകരണങ്ങൾ ഇല്ലാത്തതിനാൽ മാറ്റിവെച്ചിരുന്ന ശസ്ത്രക്രിയകൾ തുടങ്ങി.
ഹൈദരാബാദിൽ നിന്ന് വിമാന മാർഗം ഇന്നു രാവിലെയാണ് ഉപകരണങ്ങൾ എത്തിച്ചത്. മെഡിക്കൽ കോളജിൽ ഉപകരണങ്ങളുടെ ക്ഷാമം മൂലം ശസ്ത്രക്രിയ മുടങ്ങുന്നതായി യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിന്റെ തുറന്നു പറച്ചിൽ ഏറെ വിവാദമായിരുന്നു. ഇതേത്തുടർന്നാണ് സർക്കാരിന്റെ അടിയന്തരമായ ഇടപെടലുണ്ടായത്.
ഡോ.ഹാരിസിന്റെ തുറന്നുപറച്ചിലിൽ വിദഗ്ധസമിതിയുടെ അന്വേഷണം തുടരുകയാണ്. ഡോക്ടർ ഹാരിസിനെ പിന്തുണച്ച് മെഡിക്കൽ കോളജ് ഡോക്ടർമാരും രംഗത്തെത്തിയിരുന്നു. ശസ്ത്രക്രിയ ഉപകരണങ്ങൾ വാങ്ങുന്നതിൽ അടക്കം വീഴ്ച ഉണ്ടായെന്നാണ് പ്രാഥമിക കണ്ടെത്തൽ എന്നാണ് സൂചന. തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് ഇന്നും രാഷ്ട്രീയ സംഘടനകളുടെ പ്രതിഷേധ മാർച്ച് നടന്നിരുന്നു.
ഡോക്ടേഴ്‌സ് ദിനമായ ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ കെജിഎംസിടിഎ പ്രതിഷേധിച്ചു. അമിത ജോലിഭാരം കണക്കിലെടുത്ത് ഡോക്ടർമാരുടെ എണ്ണം കൂട്ടണമെന്നും, ശമ്പളപരിഷ്‌കരണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഉപകരണക്ഷാമത്തെപ്പറ്റി തുറന്നു പറഞ്ഞതിന് ഡോ. ഹാരിസിനെതിരെ അച്ചടക്കനടപടി സ്വീകരിച്ചാൽ കടുത്ത പ്രതിഷേധത്തിലേക്ക് പോകുമെന്നും കെജിഎംസിടിഎ സൂചിപ്പിച്ചു.