ഉദ്ഘാടനം കഴിഞ്ഞ് ഞാനും ഹൈബിയും ഇറങ്ങി, വെള്ളാപ്പള്ളിയുടെ പ്രസംഗം അതിനു ശേഷം: വിഎൻ വാസവൻ


കോട്ടയം: വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസംഗത്തിൽ സിപിഎം വ്യക്തമാക്കിയ നിലപാട് തന്നെയാണ് തന്റേതെന്ന് മന്ത്രി വി എൻ വാസവൻ. എപ്പോഴും മതനിരപേക്ഷ നിലപാടാണ് സിപിഎമ്മിനും സർക്കാരിനുമുള്ളത്. ആ മതനിരപേക്ഷ നിലപാടിന് അപ്പുറത്തുനിന്ന് നാളിതുവരെ ചിന്തിച്ചിട്ടില്ല. ഇനി ചിന്തിക്കുകയുമില്ലെന്നും മന്ത്രി വാസവൻ കോട്ടയത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.


വെള്ളാപ്പള്ളിയുടെ വിവാദ പ്രസംഗം താനിരിക്കുന്ന വേദിയിൽ വെച്ചല്ലെന്ന് മന്ത്രി വാസവൻ പറഞ്ഞു. ഉദ്ഘാടനം കഴിഞ്ഞതിനു തൊട്ടുപിന്നാലെ താനും ഹൈബി ഈഡനും വേദിയിൽ നിന്നും ഇറങ്ങിയിരുന്നു. വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട് സിപിഎം വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. അതിൽ വ്യക്തമായ നിലപാട് വിശദീകരിച്ചിട്ടുണ്ടെന്നും മന്ത്രി വാസവൻ പറഞ്ഞു.


നാല് വോട്ടിന് വേണ്ടിയോ സീറ്റിനു വേണ്ടിയോ മാറ്റുന്ന നയമല്ല ഇക്കാര്യത്തിൽ പാർട്ടിക്കും സർക്കാരിനുള്ളത്. മതേതര ജനാധിപത്യത്തിന്റെ മഹത്തായ പാരമ്പര്യം ഉയർത്തിപ്പിടിച്ചാണ് എല്ലാക്കാലത്തും മുന്നോട്ടു പോയിട്ടുള്ളത്. ഇപ്പോഴും അങ്ങനെതന്നെയാണ്. ഞങ്ങൾ ഇറങ്ങിയശേഷമാണ് വെള്ളാപ്പള്ളിയുടെ പ്രസംഗം ഉണ്ടായത്. അതിനാൽ തന്റെ സാന്നിധ്യത്തിലായിരുന്നു വിവാദ പ്രസംഗമെന്ന ആരോപണം ശരിയല്ലെന്നും മന്ത്രി വാസവൻ കൂട്ടിച്ചേർത്തു.


അതിനിടെ, വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശത്തിൽ എസ്‍എൻഡിപി സംരക്ഷണ സമിതി പൊലീസിൽ പരാതി നൽകി. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. പരാതിയിൽ നടപടിയുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് എസ്‍എൻഡിപി സംരക്ഷണ സമിതിയുടെ തീരുമാനം. വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസ്താവനയിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

Previous Post Next Post