ന്യൂയോർക്കിൽ നഗരത്തിൽ വെടിവെപ്പ്: പൊലീസ് ഉദ്യോഗസ്ഥൻ അടക്കം നാലു പേർ കൊല്ലപ്പെട്ടു

 

വാഷിങ്ടൺ: ന്യൂയോർക്ക് നഗരത്തിലുണ്ടായ വെടിവെപ്പിൽ പൊലീസ് ഉദ്യോഗസ്ഥൻ അടക്കം നാലു പേർ കൊല്ലപ്പെട്ടു. സെൻട്രൽ മാൻഹാട്ടനിലെ പാർക് അവന്യൂ ബഹുനില കെട്ടിടത്തിലാണ് വെടിവെപ്പുണ്ടായത്. അക്രമി സ്വയം വെടിവെച്ച് മരിച്ചു. ലാസ് വെഗാസ് സ്വദേശിയായ 27 കാരൻ ഷെയ്ൻ ടാമുറയാണ് അക്രമിയെന്ന് ന്യൂയോർക്ക് പൊലീസ് സ്ഥിരീകരിച്ചു.


റൈഫിളുമായി കെട്ടിടത്തിൽ പ്രവേശിച്ച അക്രമി അവിടെയുണ്ടായിരുന്നവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിനെത്തുടർന്ന് കെട്ടിടത്തിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. തുടർന്ന് നടത്തിയ വ്യാപക തിരച്ചിലിനിടെയാണ് അക്രമിയെ സ്വയം വെടിവെച്ചു മരിച്ച നിലയിൽ കണ്ടെത്തിയത്.


ഇൻവെസ്റ്റ് കമ്പനിയായ ബ്ലാക് ടോണിന്റെ ആസ്ഥാനമാണ് വെടിവെപ്പുണ്ടായ ബഹുനിലക്കെട്ടിടം. കൂടാതെ നിരവധി കമ്പനികളുടെ ഓഫീസുകളും കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണത്തിലാണെന്ന് പൊലീസ് അറിയിച്ചു. അക്രമകാരണത്തെപ്പറ്റി അന്വേഷിച്ചു വരികയാണെന്നും പൊലീസ് വ്യക്തമാക്കി.

Previous Post Next Post