ആരോഗ്യപരിപാലനത്തിന്റെയും ഭക്തിയുടെയും കർക്കിടക നാളുകൾ, അറിയേണ്ട കാര്യങ്ങൾ

 

കർക്കടക മാസം ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. കർക്കടക മാസത്തിന് സാംസ്‌കാരികവും ആത്മീയവുമായ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ആരോഗ്യവും ക്ഷേമവും ലക്ഷ്യമിട്ടുള്ള പരമ്പരാഗത ആയുർവേദ രീതികളിലും ആചാരങ്ങളിലും. കേരളത്തിൽ കനത്ത മഴ ലഭിക്കുന്ന മാസമാണ് കർക്കടകം. കർക്കടകം ജ്യോതിഷ അടിസ്ഥാനത്തിൽ ചന്ദ്രന്റെ മാസമാണ്. സൂര്യൻ രാജാവും ചന്ദ്രൻ രാജ്ഞിയും ആദിത്യൻ ശിവനും ചന്ദ്രൻ പാർവ്വതിയുമാണ് എന്നു ഭാരതീയ ജ്യോതിഷം പറയുന്നു. കർക്കടകമാസം അതിനാൽതന്നെ ഭഗവതി മാസവുമാണ്.



രാമായണമാസം


പഞ്ഞമാസം, രാമായണമാസം എന്നി പേരുകളിലും കർക്കടക മാസം അറിയപ്പെടുന്നുണ്ട്. അപ്രതീക്ഷിതമായി മഴ പെയ്യുന്നു എന്നതിനാൽ 'കള്ളക്കർക്കടകം' എന്ന ചൊല്ലുതന്നെ നിലവിലുണ്ട്. അതിനാൽ 'മഴക്കാല രോഗങ്ങൾ' ഈ കാലഘട്ടത്തിൽ കൂടുതലായി ഉണ്ടാകുന്നു. കാർഷിക മേഖലയെ സംബന്ധിച്ചിടത്തോളം വരുമാനമൊന്നുമില്ലാത്ത കാലമായതിനാൽ 'പഞ്ഞമാസം' എന്നും വിളിക്കപ്പെടുന്നു. കർക്കടകത്തിൽ ഭവനങ്ങളിൽ ഗണപതിഹോമവും ഭഗവതി സേവയും നടത്തുന്നു. എല്ലാ ക്ഷേത്രങ്ങളിലും ഇതു നിത്യവും നടത്തുന്നു. വീട്ടിൽ വച്ചു ചെയ്യാൻ അസൗകര്യം ഉള്ളവർക്ക് അടുത്തുള്ള ക്ഷേത്രത്തിൽ വച്ചും നടത്താം. കർക്കടകമാസത്തിൽ ചെയ്യുന്ന ഈ പൂജകൾ അടുത്ത ഒരു വർഷത്തേക്ക് വിഘ്‌നങ്ങൾ ഒഴിവാക്കി വീട്ടിൽ ഐശ്വര്യം നിറയാൻ സഹായിക്കും എന്നാണ് വിശ്വാസം.


കനത്ത മഴ,ആരോഗ്യ പ്രശ്‌നങ്ങൾ, കാർഷിക മേഖലയിൽ തിരിച്ചടി തുടങ്ങിയവ ഈ മാസത്തിൽ ഏറുമെന്നാണ് പറയപ്പെടുന്നത്. ഇങ്ങനെയാണ് കർക്കടകം പഞ്ഞമാസം എന്നും അറിയപ്പെടുന്നത്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ തരണം ചെയ്യാനും ആത്മീയ ചിന്തകൾ മനസിൽ നിറയ്ക്കാനുമാണ് കർക്കടക മാസത്തെ രാമായണ പാരായണത്തിനായി പൂർവ്വികർ മാറ്റിവച്ചത്.


ആയുർവേദ വിധിപ്രകാരം കർക്കടക മാസത്തിൽ ഔഷധസേവ നടത്തുന്നത് ഉത്തമമാണ്. കർക്കടകത്തിൽ മനസിലെ അസ്വസ്ഥതകൾ നീക്കി പൊന്നിൻ ചിങ്ങത്തെ വരവേൽക്കാനാണ് ഇത്തരം പ്രവൃത്തികൾ നടത്തുന്നത്. എണ്ണതേച്ചുള്ള കുളി, കർക്കടക കഞ്ഞി തുടങ്ങിയവ അസ്വസ്ഥതകൾ നീക്കാൻ സഹായിക്കുന്നു.


കർക്കടക കഞ്ഞി


കർക്കടക മാസത്തിൽ ആരോഗ്യ പരിപാലനത്തിനായി കർക്കടക കഞ്ഞി കുടിക്കുന്നത് ഇന്ന് ഒരു വലിയ വിപണി തന്നെ ആയിട്ടുണ്ട്. മുക്കുറ്റി, പൂവാം കുറുന്തില, കറുക, നിലപ്പന, കുറുന്തോട്ടി, തുളസി മുതലായ ഔഷധമൂല്യമുള്ള ചെടികളും ഞവരനെല്ലു, മുതിര തുടങ്ങിയ ധാന്യങ്ങളും കർക്കടകക്കഞ്ഞി തയ്യാറാക്കുവാൻ ഉപയോഗിക്കുന്നു. പല ആയുർവ്വേദ കേന്ദ്രങ്ങളും കർക്കടകത്തിൽ 'എണ്ണത്തോണി' മുതലായ പ്രത്യേക സുഖചികിൽസയും ഇന്ന് ഒരുക്കുന്നുണ്ട്.


കർക്കടക കഞ്ഞി കഴിക്കുക എന്നത് ഇപ്പോൾ ചെറുപ്പക്കാർ പോലും ഒരു ഫാഷനാക്കിയിരിക്കുകയാണ്. ആരോഗ്യത്തിന് ഉത്തമമാണിത്. മലയാളികൾ ആയുർവേദത്തിലെ ഔഷധക്കഞ്ഞിയിൽനിന്നു പ്രചോദനം കൊണ്ട് എടുത്ത നല്ല ശീലമാണത്. ചേനയും ചേമ്പും താളും തകരയുമൊക്കെ ഈ മാസത്തിൽ കഴിക്കുന്നത് നല്ലതാണ്. ചേമ്പിന്റെയും മറ്റും ചൊറിച്ചിൽ പോലും ഈ മാസത്തിൽ കുറയും. എന്നാൽ ഈ മാസം മുരിങ്ങയില കഴിക്കാൻ പാടില്ലെന്നും ആയുർവേദം പറയുന്നു.


പിതൃദർപ്പണം


കർക്കടക മാസത്തിൽ അനുഷ്ഠിക്കുന്ന സവിശേഷകരമായ കർമ്മമാണ് പിതൃദർപ്പണം. കർക്കടക വാവ് ദിവസമാണ് പിതൃദർപ്പണം നടത്തുന്നത്. ഈ ദിവസം ബലിയിട്ടാൽ പിതൃക്കൾക്കു ആത്മശാന്തി ലഭിക്കുമെന്നു വിശ്വസിക്കപ്പെടുന്നു. തലേന്നു വ്രതമെടുത്ത് അമാവാസി ദിവസം കുളിച്ചു ഈറനണിഞ്ഞു മരിച്ച് മണ്മറഞ്ഞുപോയ പിതൃക്കളെ മനസ്സിൽ സങ്കൽപ്പിച്ചു ഭക്തിപുരസരം ബലിയിടും.ആലുവ ശിവക്ഷേത്രത്തിലും തിരുനെല്ലിയിലും വർക്കലയിലും മാത്രമല്ല കേരളത്തിലെ എല്ലാ ശിവക്ഷേത്രങ്ങളിലും മറ്റു ക്ഷേത്രങ്ങളിലും കർക്കടകവാവ് ബലി ഇടാൻ സൗകര്യം ഒരുക്കുന്നുണ്ട്.

Previous Post Next Post