കെഎസ്ആർടിസി സ്റ്റാൻഡുകളിൽ യാത്രക്കാരേക്കാൾ കൂടുതൽ ഫ്ലക്സ് ബോർഡുകൾ, ആദ്യം വയ്ക്കുന്നത് അധികാരത്തിലുള്ള പാർട്ടി; വിമർശിച്ച് ഹൈക്കോടതി

കൊച്ചി: കെഎസ്ആർടിസി ബസ് സ്റ്റാന്റുകളിൽ അനധികൃത ബോർഡുകളും ഫ്ലക്സുകളും വ്യാപകമായി സ്ഥാപിക്കുന്നതിനെ വിമർശിച്ച് ഹൈക്കോടതി. സ്റ്റാന്റുകളിൽ യാത്രക്കാരേക്കാൾ കൂടുതൽ ബോർഡുകളാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ബസ് സ്റ്റാന്റുകളിലെ അന്തരീക്ഷം മലീമസമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ജനങ്ങൾക്ക് വേണ്ടിയുള്ള സേവനമെന്ന നിലയിൽ സർക്കാർ ഇക്കാര്യത്തിൽ അടിയന്തരമായി നടപടി സ്വീകരിക്കണം. ഇക്കാര്യം കോടതിയെ അറിയിക്കാനും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.


കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത ഗതാഗതവകുപ്പു മന്ത്രി കെ ബി ഗണേഷ് കുമാറിനെ കോടതി അഭിനന്ദിച്ചു. അനധികൃത ഫ്ലക്സുകളും ബോർഡുകളും നിറഞ്ഞ് ഏറ്റവും കൂടുതൽ നിയമലംഘനം നടത്തുന്നത് സംസ്ഥാനത്തെ കെഎസ്ആർടിസി ഡിപ്പോകളിലാണെന്ന് അമിക്കസ് ക്യൂറി ഹരീഷ് വാസുദേവൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് നീക്കം ചെയ്യാൻ കെഎസ്ആർടിസി ഒന്നും ചെയ്യുന്നില്ല എന്നും അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു.


ജനങ്ങൾക്കായുള്ള ഏറ്റവും പ്രധാനപ്പെട്ട പൊതുഗതാഗത സേവനമാണിതെന്നും, അതുകൊണ്ടാണ് കെഎസ്ആർടിസി അടച്ചുപൂട്ടാതെ സംരക്ഷിക്കാൻ ഇടപെടുന്നതെന്നും കോടതി പറഞ്ഞു. ബോർഡുകളും തോരണങ്ങളും ഫ്ലക്സുകളുമൊക്കെ സ്ഥാപിച്ചിരിക്കുന്ന നടപടി നാണക്കേടു തന്നെയാണെന്ന് കെഎസ്ആർടിസിയും കോടതിയിൽ വ്യക്തമാക്കി. ആരാണ് ഇത് ചെയ്യുന്നത് എന്ന കോടതിയുടെ ചോദ്യത്തിന് ട്രേഡ് യൂണിയനുകളാണെന്നും കെഎസ്ആർടിസി അറിയിച്ചു. കെഎസ്ആർടിസിക്ക് ഈ ട്രേഡ് യൂണിയനുകളെ നിയന്ത്രിക്കാൻ സാധിക്കില്ലേയെന്ന് കോടതി ചോദിച്ചു.


ബാനറുകളും ഫ്ലക്സുകളുമൊക്കെ വയ്ക്കുന്നത് ആദ്യം നിർത്തേണ്ടത് അധികാരത്തിലുള്ള പാർട്ടികളാണെന്ന് കോടതി അഭിപ്രായപ്പെട്ടു. എന്നാൽ അവരാണ് ഇത്തരം കാര്യങ്ങൾ ആദ്യം ചെയ്യുന്നത്. അപ്പോൾ മറ്റുള്ളവരും അതു ചെയ്യും. ഇതിനെതിരെ പറഞ്ഞാൽ കോടതി അടക്കമുള്ളവരെ ഏതൊക്കെ തെറി വിളിക്കാമോ അതൊക്കെ വിളിക്കലാണ് ഇപ്പോഴത്തെ ട്രെൻഡ് എന്നും കോടതി അഭിപ്രായപ്പെട്ടു.


Previous Post Next Post