വിപഞ്ചികയുടെ മരണം: ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസ്, ആത്മഹത്യാ പ്രേരണക്കുറ്റം

കൊല്ലം: ഷാർജയിൽ ഒന്നരവയസുകാരിയായ മകളെ കൊലപ്പെടുത്തി മലയാളി യുവതി വിപഞ്ചിക ജീവനൊടുക്കിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് ഭർത്താവ് നിധീഷ്, ഭർത്താവിന്റെ സഹോദരി, ഭർതൃപിതാവ് എന്നിവർക്കെതിരെ കുണ്ടറ പൊലീസ് കേസെടുത്തത്. മൂന്ന് പേരും ഷാർജയിലായതിനാൽ നാട്ടിലെത്തിയാലാണ് അറസ്റ്റ് നടക്കുക.


സ്ത്രീധന നിരോധന നിയമപ്രകാരവും കേസ് എടുത്തിട്ടുണ്ട്. വിപഞ്ചികയുടെ അമ്മ ശൈലജയുടെ പരാതിയിലാണ് നടപടി.


അമ്മയുടെ മൊഴി കഴിഞ്ഞ ദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു. വിവാഹം കഴിഞ്ഞത് മുതൽ മകൾ പീഡനം അനുഭവിക്കുകയായിരുന്നുവെന്ന് ശൈലജ പൊലീസിനോട് പറഞ്ഞു. മകളെ വിരൂപിയാക്കാൻ സഹോദരി ഇടപെട്ട് മുടി മൊട്ടയടിച്ചുവെന്നും പീഡനങ്ങൾക്കൊടുവിലാണ് മകൾ ആത്മഹത്യ ചെയ്തതെന്നും അമ്മ പറഞ്ഞിരുന്നു. മകൾ നേരിട്ട പീഡനങ്ങളുടെ ഡിജിറ്റൽ തെളിവും ആത്മഹത്യാക്കുറിപ്പും അമ്മ പൊലീസിന് കൈമാറിയിട്ടുണ്ട്.


ഇന്ത്യൻ കോൺസുലേറ്റിനും വിദേശകാര്യ മന്ത്രിക്കും മുഖ്യമന്ത്രിക്കും വിപഞ്ചികയുടെ അമ്മ പരാതി നൽകിയിരുന്നു. വിപഞ്ചികയുടെയും മകളുടെയും മൃതദേഹം നാട്ടിലെത്തിച്ചാൽ റീ പോസ്റ്റ്‌മോർട്ടം വേണമെന്നും അമ്മ ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് സിബിഐക്ക് കൈമാറണമെന്നാണ് ശൈലജയുടെ ആവശ്യം. അതേസമയം കുട്ടിയുടെ മൃതദേഹം നാട്ടിലേക്ക് അയക്കില്ലെന്നാണ് നിധീഷിന്റെ നിലപാട്.


ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയായിരുന്നു കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനിൽ വിപഞ്ചികയെയും മകൾ വൈഭവിയെയും അൽ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ദുബായിലെ സ്വകാര്യ സ്ഥാപനത്തിൽ ഫയലിങ് ക്ലർക്കാണ് വിപഞ്ചിക. ദുബായിൽ തന്നെ ജോലി ചെയ്യുകയാണ് ഭർത്താവ് നിതീഷ്. ഇരുവരും വേർപിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നാണ് വിവരം. ഏഴുവർഷമായി വിപഞ്ചിക ദുബായിലാണ് ജോലി ചെയ്യുന്നത്. നാലര വർഷം മുമ്പായിരുന്നു വിവാഹം

Previous Post Next Post