'പിജെ കുര്യന്റെ വീടിന് ഗേറ്റുമില്ല, പൂട്ടുമില്ല, വീട്ടിൽ പട്ടിയും ഇല്ല'; വൈറലായി കോൺഗ്രസ് നേതാവിന്റെ കുറിപ്പ്

 

പത്തനംതിട്ട: മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യനെ പിന്തുണച്ച് കെപിസിസി മുൻ നിർവാഹക സമിതി അംഗം റെജി തോമസ്. പിജെ കുര്യന്റേത് സദുദ്ദേശപരമായ നിർദേശമെന്ന് റെജി തോമസ് പറഞ്ഞു. കെപിസിസി പ്രസിഡന്റിന്റെ സാന്നിധ്യത്തിലായിരുന്നു വിമർശനമെന്നും യൂത്ത് കോൺഗ്രസ് നേതാക്കളെ പിജെ കുര്യൻ ഇകഴ്ത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 'ശ്രീ പി ജെ കുര്യന്റെ വീടിന് ഗേറ്റുമില്ല, പൂട്ടുമില്ല, വീട്ടിൽ പട്ടിയും ഇല്ല', എന്ന തലക്കെട്ടോട് കൂടിയുള്ള ഫെയ്‌സ്് ബുക്ക് പോസ്റ്റിലൂടെയായിരുന്നു പിന്തുണ.


'പിജെ കുര്യൻ വർഷങ്ങളായി ജനപ്രതിനിധിയും, മന്ത്രിയും ഒക്കെ ആയിരുന്നിട്ട് ഡൽഹിയിൽ നിന്ന് തിരികെ വന്നതിനുശേഷം തന്നെ ജയിപ്പിച്ചു വിട്ട മണ്ഡലത്തിലെ ജനങ്ങളുടെ ഇടയിൽ ഗേറ്റും പൂട്ടും വീട്ടിൽ കാവലിന് പട്ടിയുമില്ലാതെ, തന്റെ പിതാവിന്റെ കാലത്തേയുള്ള പഴയ വീട്ടിലാണ് താമസിക്കുന്നത്. എന്നാൽ ചില നേതാക്കന്മാർ വർഷങ്ങളായി ജനപ്രതിനിധിയായിരുന്ന മണ്ഡലത്തെയും, അവിടുത്തെ ജനങ്ങളെയും ഉപേക്ഷിച്ച് ഗേറ്റും പൂട്ടും പട്ടിയുമുള്ള പട്ടണത്തിലെ വീട്ടിലാണ് താമസിക്കുന്നത് എന്ന് നാട്ടുകാർക്ക് അറിയാം'- കുറിപ്പിൽ പറയുന്നു.


അതേസമയം, യൂത്ത് കോൺഗ്രസിനെതിരായ തന്റെ വിമർശനം ബോധ്യത്തിന്റെ അടിസ്ഥാനത്തിലെണെന്നും അതിൽ ദുരുദ്ദേശ്യമായി ഒന്നുമില്ലെന്നും പറഞ്ഞതിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നുവെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യൻ പറഞ്ഞു. യോഗത്തിൽ പറഞ്ഞത് സദുദ്ദേശ്യപരമായ നിർദേശമാണ്. ബഹൂഭൂരിപക്ഷം പഞ്ചായത്തുകളിലും യൂത്ത് കോൺഗ്രസിന് മണ്ഡലം പ്രസിഡന്റുമാരില്ല. തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ജയിക്കണമെങ്കിൽ ഓരോ പഞ്ചായത്തിലും കമ്മിറ്റികൾ വേണം. സമരത്തിൽ പങ്കെടുത്താൽ ടിവിയിൽ വരും. അതിൽമാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ ജില്ലാ നേതൃത്വം പഞ്ചായത്തുകളിലേക്ക് പോകണമെന്നാണ് താൻ പറഞ്ഞതെന്നും കുര്യൻ പറഞ്ഞു.


അത് പാർട്ടിക്കുവേണ്ടി പറഞ്ഞ അഭിപ്രായമാണെന്നും കുര്യൻ പറഞ്ഞു. അതിൽ എവിടെയാണ് ദോഷമെന്ന് അറിയില്ല. ആരെയും വിമർശിച്ചിട്ടില്ല. പാർട്ടിയുടെ താത്പര്യം നോക്കി ഉത്തമബോധ്യമുള്ള കാര്യമാണ് പറഞ്ഞത്. ഇപ്പോഴും തന്റെ അഭിപ്രായം ഇതാണ്. ടിവിക്കും സോഷ്യൽമീഡിയക്കും പുറത്തുമുള്ള നാൽപ്പത് ശതമാനം പേരെ ആര് അഡ്രസ് ചെയ്യുമെന്നും കുര്യൻ ചോദിച്ചു.


കുറിപ്പിന്റെ പൂർണരൂപം


ശ്രീ പി ജെ കുര്യന്റെ വീടിന് ഗേറ്റുമില്ല,പൂട്ടുമില്ല, വീട്ടിൽ പട്ടിയും ഇല്ല.


പത്തനംതിട്ടയിൽ കഴിഞ്ഞ ദിവസം നടന്ന കോൺഗ്രസ് യോഗത്തിൽ ഉപദേശരൂപേണ പ്രൊഫസർ പി ജെ കുര്യൻ നടത്തിയ പ്രസംഗത്തെ വളച്ചൊടിച്ചുകൊണ്ട് നിരവധി പ്രസ്താവനകൾ സോഷ്യൽ മീഡിയയിൽ വരുന്നതുകൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്.2026- ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കേരളത്തിൽ അധികാരത്തിൽ വരുന്നതിന് യൂത്ത് കോൺഗ്രസ് മണ്ഡലം തലത്തിൽ ശക്തിപ്പെടണമെന്ന് സദുദ്ദേശപരമായ നിർദ്ദേശമാണ് അദ്ദേഹം നൽകിയത്.കെ. പി. സി. സി. പ്രസിഡന്റിന്റെ സാന്നിധ്യത്തിലാണ് ഈ പ്രസ്താവന അദ്ദേഹം നടത്തിയത്. അല്ലാതെ പിണറായി വിജയന്റെ ദുർഭരണനത്തിനെതിരെ നിരന്തരമായി സംസ്ഥാനതലത്തിലും, ജില്ലാതലങ്ങളിലും സമരങ്ങൾ നടത്തി ക്രൂരമായ മർദ്ദനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന പ്രവർത്തകരെ ഒരു രീതിയിലും അദ്ദേഹം ഇകഴ്ത്തി കാട്ടിയിട്ടില്ല.


എന്നാൽ പ്രസംഗത്തെ തെറ്റായി വ്യാഖ്യാനിച്ച് ഒരു മുതിർന്ന കോൺഗ്രസ് നേതാവ് 'ദാനം കൊടുത്തില്ലേലും പട്ടിയെ വിട്ട് കടിപ്പിക്കരുത്' എന്ന് ഫേസ്ബുക്കിൽ കുറിച്ചതായി കണ്ടു. പ്രൊഫസർ പി ജെ കുര്യൻ വർഷങ്ങളായി ജനപ്രതിനിധിയും, മന്ത്രിയും ഒക്കെ ആയിരുന്നിട്ട് ഡൽഹിയിൽ നിന്ന് തിരികെ വന്നതിനുശേഷം തന്നെ ജയിപ്പിച്ചു വിട്ട മണ്ഡലത്തിലെ ജനങ്ങളുടെ ഇടയിൽ ഗേറ്റും പൂട്ടും വീട്ടിൽ കാവലിന് പട്ടിയുമില്ലാതെ, തന്റെ പിതാവിന്റെ കാലത്തേയുള്ള പഴയ വീട്ടിലാണ് താമസിക്കുന്നത്. എന്നാൽ ചില നേതാക്കന്മാർ വർഷങ്ങളായി ജനപ്രതിനിധിയായിരുന്ന മണ്ഡലത്തെയും, അവിടുത്തെ ജനങ്ങളെയും ഉപേക്ഷിച്ച് ഗേറ്റും പൂട്ടും പട്ടിയുമുള്ള പട്ടണത്തിലെ വീട്ടിലാണ് താമസിക്കുന്നത് എന്ന് നാട്ടുകാർക്ക് അറിയാം. ചിലർ ചെയ്യുന്നതുപോലെ പിജെ കുര്യന് സ്വന്തം നാട് ഉപേക്ഷിച്ച് ഡൽഹിയിലോ തിരുവനന്തപുരത്തോ, എറണാകുളത്തോ സ്ഥിരതാമസം ആക്കാമായിരുന്നു. അത് ചെയ്യാത്തതാണോ അദ്ദേഹം ചെയ്ത കുറ്റം? ജനിച്ചു വളർന്ന സ്ഥലത്ത് സാമൂഹ്യ പ്രവർത്തനം നടത്തി നിരവധി പാവപ്പെട്ട ജനങ്ങളെ, താൻ ചെയർമാനായ ചാരിറ്റബിൾ ട്രസ്റ്റ് വഴി സഹായിക്കുന്നത് നേതാക്കന്മാർ അടക്കം എല്ലാവർക്കും അറിവുള്ളതാണ്.


കണക്കുകൾ തീർക്കുവാൻ സത്യം എന്തിന് മറച്ചുവയ്ക്കുന്നു

Previous Post Next Post