ന്യൂഡൽഹി: ശശി തരൂരിന് കോൺഗ്രസിനോട് മാന്യമായി ഗുഡ് ബൈ പറഞ്ഞ് പോകാവുന്നതാണെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. അദ്ദേഹത്തിന് സ്വയം പുറത്തു പോകാനുള്ള അവസരവും സ്വാതന്ത്ര്യവുമുണ്ട്. ഇന്നു അദ്ദേഹം ചെയ്യുന്ന ഈ പണിയേക്കാൾ നല്ലത് മാന്യമായി ഗുഡ് ബൈ പറയുക എന്നതാണ്. അതാണ് ഏറ്റവും നല്ല കാര്യം. അതാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇനിയും അദ്ദേഹത്തിന് ഈ ഒളിച്ചുകളി നടത്തി മുന്നോട്ടു പോകാനാകില്ലെന്നും ഉണ്ണിത്താൻ വ്യക്തമാക്കി.
കോൺഗ്രസിനെ ഇത്രത്തോളം അപമാനിച്ച ഒരാൾ എങ്ങനെ കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ സംബന്ധിക്കും. ഒരു പാർലമെന്റ് അംഗം എന്ന നിലയ്ക്ക്, കോൺഗ്രസ് പാർലമെന്റിനകത്ത് ഒരു എംപിക്ക് ഉത്തരവാദിത്തം വീതിച്ചു നൽകുമ്പോൾ, കോൺഗ്രസ് പാർട്ടിക്ക് വേണ്ടി സംസാരിക്കുന്നവർക്കല്ലേ അതു കൊടുക്കാൻ പറ്റൂ. ശശി തരൂർ പാർലമെൻരിൽ എന്തു സംസാരിക്കുമെന്ന് അദ്ദേഹത്തിന് അല്ലാതെ മറ്റാർക്കും അറിയില്ല എന്നും ഉണ്ണിത്താൻ പറഞ്ഞു.
വടി കൊടുത്ത് അടി വാങ്ങിക്കാൻ ഇനിയും കോൺഗ്രസ് തയ്യാറാകില്ല. കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുത്ത് ഇനിയും താൻ കോൺഗ്രസ് ആണെന്ന് പറയണമെങ്കിൽ അപാരമായ തൊലിക്കട്ടി വേണം. ഇത്തവണത്തെ പാർലമെന്ററി പാർട്ടി യോഗത്തിൽ ഹൈക്കമാൻഡ് എത്ര നിയന്ത്രിച്ചാലും ചിലരുടെയൊക്കെ വികാരം അണപൊട്ടി ഒഴുകുമെന്നതിൽ യാതൊരു തർക്കവുമില്ല. തരൂർ യോഗത്തിൽ പങ്കെടുത്താൻ എംപിമാർ ഉറപ്പായും ഇക്കാര്യങ്ങളെല്ലാം ചോദിക്കും. തരൂർ ഏതു പാർട്ടിയാണെന്ന് അറിയണമല്ലോ. ഉണ്ണിത്താൻ അഭിപ്രായപ്പെട്ടു.
കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ കോൺഗ്രസുകാർക്ക് മനസ്സു തുറന്ന് സംസാരിക്കേണ്ടതാണ്. തരൂരിനെ ഇരുത്തിക്കൊണ്ട് അത്തരത്തിൽ സംസാരിക്കാനാകുമോ?. എന്തെങ്കിലും പറഞ്ഞാൽ അപ്പോൾത്തന്നെ അദ്ദേഹം നരേന്ദ്രമോദിയെ വിളിച്ച് അറിയിക്കില്ലേ?. കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ തരൂർ പങ്കെടുത്താൽ, ആ യോഗത്തിന്റെ സ്വകാര്യത നഷ്ടപ്പെടുമെന്ന് ഉണ്ണിത്താൻ കൂട്ടിച്ചേർത്തു. വിശ്വപൗരനായ അദ്ദേഹത്തെ കോൺഗ്രസിൽ നിന്നും പുറത്താക്കി, രക്തസാക്ഷി പരിവേഷം നേടിയെടുത്ത് ബിജെപിയിൽ സുരക്ഷിതമായ പദവി നേടിയെടുക്കാനാണ് തരൂർ ശ്രമിക്കുന്നത്. അക്കാര്യം രാഹുൽഗാന്ധിക്കും പാർട്ടി ദേശീയ നേതൃത്വത്തിനും നന്നായിട്ട് അറിയാം. അതുകൊണ്ട് തരൂരിനെ പാർട്ടിയിൽ നിന്നും പുറത്താക്കുമെന്ന് അദ്ദേഹം പ്രതീക്ഷിക്കേണ്ടതില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു.
എല്ലാത്തിനും ആധാരം ജനങ്ങളാണ്. ജനങ്ങൾ ഒപ്പമുണ്ടെങ്കിൽ മാത്രമേ നേതാവിന് നിലനിൽപ്പുള്ളൂ. തരൂരിനെ ഏതു ജനങ്ങളാണ് വിശ്വസിക്കുന്നത്?. 2014 ന് ശേഷം ഉദയം ചെയ്ത ഒരു അവതാരത്തിന്റെ അപദാനങ്ങൾ വാഴ്ത്തുകയാണ്. ആ വാഴ്ത്തലിനെ എങ്ങനെയാണ് അംഗീകരിക്കാനാകുക. ഇപ്പോൾ രാജ്യസ്‌നേഹികൾ രണ്ടേ രണ്ടുപേർ മാത്രമാണുള്ളത്. നരേന്ദ്രമോദിയും, ശശി തരൂരും മാത്രമാണ്. ബാക്കിയാരും രാജ്യസ്‌നേഹികളല്ല എന്നതാണ് പ്രചാരണമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ കൂട്ടിച്ചേർത്തു. കോൺഗ്രസിലൂടെ നേടാവുന്നതെല്ലാം നേടിയ ശശി തരൂർ, ഇപ്പോൾ മറ്റെന്തോ നേട്ടങ്ങളാണ് അദ്ദേഹം ലക്ഷ്യമിടുന്നതെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.